ഏപ്രില്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷനുമായി ഓള്‍ ടൈം ഹിറ്റ് ലിസ്റ്റിലാണ് നിലവില്‍ മോഹന്‍ലാല്‍ ചിത്രം തുടരും. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയില്ലാതെ ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകളില്‍ത്തന്നെ പ്രേക്ഷകരുടെ വന്‍ അഭിപ്രായം നേടിയെടുക്കുകയായിരുന്നു. ബോക്സ് ഓഫീസില്‍ പിന്നീട് നടന്നത് ചരിത്രം. ഏറ്റവും കൗതുകകരമായ കാര്യം ഒരു മാസം പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നുണ്ട് എന്നതാണ്. അഞ്ചാം വാരാന്ത്യമായ ഇന്നലെയും ഇന്നും ചിത്രത്തിന് നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകളും എന്തിന് ഹൗസ്‍ഫുള്‍ ഷോകള്‍ പോലും ലഭിച്ചു.

കേരളത്തിലെ ചില സെന്‍ററുകള്‍ക്കൊപ്പം അഞ്ചാം വാരാന്ത്യത്തിലെ ഒക്കുപ്പന്‍സിയില്‍ ഞെട്ടിക്കുന്നത് ബെംഗളൂരുവിലെ തിയറ്ററുകള്‍ ആണ്. 30-ാം ദിനമായ ഇന്നലെ ബെംഗളൂരുവില്‍ ചിത്രത്തിന് ഹൗസ്‍ഫുള്‍ ഷോകള്‍ ലഭിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തെ ഷോകളില്‍ പലതും ഫാസ്റ്റ് ഫില്ലിംഗ് ആണ്. ഇത് ഷോ ആരംഭിക്കുന്ന സമയത്തേക്ക് ഹൗസ്‍ഫുള്‍ ആകാനും സാധ്യത ഏറെയാണ്. വൈഡ് റിലീസിന്‍റെ ഇക്കാലത്ത് ഒരു മാസം പിന്നിടുമ്പോഴും സിനിമകള്‍ക്ക് ഫാസ്റ്റ് ഫില്ലിംഗ്/ ഹൗസ്‍ഫുള്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിനും ഇത് ലഭിച്ചിട്ടില്ല. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപൂര്‍വ്വം ചിത്രങ്ങള്‍ക്ക് മാത്രമേ ഈ ഭാഗ്യം ഉണ്ടായിട്ടുള്ളൂ.

കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ സിനിമയാണ് തുടരും. ചിത്രത്തിന്‍റെ മറ്റൊരു റെക്കോര്‍ഡ് കേരളത്തിലെ ഷോ കൗണ്ടിന്‍റെ എണ്ണത്തിലാണ്. കേരളത്തില്‍ ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രത്തിനുള്ള റെക്കോര്‍ഡ് ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ പേരിലാണ്. അഞ്ചാം വാരാന്ത്യത്തിലേക്ക് എത്തിയപ്പോള്‍ 45,000 ഷോകളാണ് ചിത്രം കേരളത്തില്‍ പിന്നിലാക്കിയതെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരുന്നു. മോഹന്‍ലാലിന്‍റെ തന്നെ പുലിമുരുകന്‍റെ ഒന്‍പത് വര്‍ഷം പഴയ റെക്കോര്‍ഡ് ആണ് തുടരും തകര്‍ത്തത്. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം