ആദ്യം ദുല്‍ഖറിനെ ആയിരുന്നു ചിമ്പുവിന്റെ കഥാപാത്രത്തിലേക്ക് പരിഗണിച്ചിരുന്നത്.
കമല്‍ഹാസൻ നായകനായി വന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്. കമല്‍ ഹാസനും മണി രത്നവും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു തഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. ചിമ്പുവും നിര്‍ണായക കഥാപാത്രമായി കമല്‍ഹാസൻ ചിത്രത്തില്‍ എത്തിയെന്നതും ആരാധകരെ ആവേശത്തിലാക്കുകയും ചെയ്‍തു. ചിമ്പുവിന് റെക്കോര്‍ഡ് പ്രതിഫലമാണ് ലഭിച്ചതെന്ന് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തതും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
അമരൻ എന്ന കഥാപാത്രത്തെയാണ് ചിമ്പു ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിമ്പുവിന് 40 കോടി രൂപയാണ് ചിത്രത്തിന് പ്രതിഫലം ലഭിച്ചത്. തൃഷയ്‍ക്ക് പ്രതിഫലം 12 കോടിയാണെന്നുമാണ് സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഗുഡ് ബാഡ് അഗ്ലിയില്‍ ലഭിച്ചതിന്റെ മൂന്നിരിട്ടി പ്രതിഫലമാണ് തൃഷയ്‍ക്ക് തഗ് ലൈഫിന് ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് മൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 30.4 കോടിയാണ്. ഗ്രോസ് 35.4 കോടിയും ആണ്. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ വിദേശ ബോക്സ് ഓഫീസ് 26.7 കോടിയുടേതാണ്. മൂന്ന് ദിവസത്തെ ആകെ ആഗോള ഗ്രോസ് 62.1 കോടി ആണ്. ഇവരുടെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ആദ്യ ദിനം 13.35 കോടിയും രണ്ടാം ദിനം 6.32 കോടിയും മൂന്നാം ദിനം 7 കോടിയും നേടി. ഹിന്ദി പതിപ്പ് ആദ്യ ദിനം 65 ലക്ഷവും രണ്ടാം ദിനം 29 ലക്ഷവും മൂന്നാം ദിനം 25 ലക്ഷവും നേടി. തെലുങ്ക് പതിപ്പ് ആദ്യ ദിനം 1.5 കോടിയും രണ്ടാം ദിനം 52 ലക്ഷവും മൂന്നാം ദിനം 50 ലക്ഷവും നേടി. എല്ലാം ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷൻ ആണ്.
കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
