ആന്‍റണി വര്‍ഗീസ് നായകനാവുന്ന അജഗജാന്തരമാണ് ടിനു പാപ്പച്ചന്‍റെ പുതിയ ചിത്രം

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ഒറ്റ ചിത്രത്തിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ടിനു പാപ്പച്ചന്‍ (Tinu Pappachan). ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയിരുന്ന ടിനു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തിന് 'അജഗജാന്തരം' (Ajagajantharam) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഒക്കെയും ശ്രദ്ധ നേടിയിരുന്നു. ഡിസംബര്‍ 23 ആണ് റിലീസ്. ഇപ്പോഴിതാ കഴിഞ്ഞ കുറച്ചുനാളുകളായി തന്നെ തേടിയെത്തുന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ഒരു പ്രോജക്റ്റ് ഉണ്ടാവുമോ എന്നതാണ് ആ ചോദ്യം.

മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരു ചിത്രം ചെയ്‍തേക്കുമെന്ന വിവരം കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇത്തരമൊരു പ്രോജക്റ്റ് വന്നാലുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കാറ്. അത്തരമൊരു സിനിമ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ടിനു പറയുന്നു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് ടിനു പാപ്പച്ചന്‍ ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത്. 

"ഈ ചോദ്യം കേട്ടുകേട്ട് ശരിക്കും ഞാന്‍ വയ്യാതായി. ഒരുപാട് ആളുകള്‍ ചോദിക്കുന്നുണ്ട്, മെസേജ് ചെയ്യുന്നുണ്ട്. അതിന്‍റെയൊരു സത്യം എന്നുപറഞ്ഞാല്‍ അങ്ങനെയൊരു ചര്‍ച്ചയൊക്കെ നടന്നിട്ടുണ്ട്. അതൊക്കെ ഒരു വിദൂര ചര്‍ച്ചയാണ്. അറിയാമല്ലോ, ഒരു വലിയ ആക്ടര്‍ ആണ്, വലിയ സ്റ്റാര്‍ ആണ്. അവരുടെ തിരക്കുകള്‍.. ഒരു എലമെന്‍റ് പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ എയറില്‍ ആണ്. ചിലപ്പോള്‍ വരാം, ചിലപ്പോള്‍ പറയുന്നുപോകാം, അങ്ങനെ", ടിനു പാപ്പച്ചന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നുള്ള 24 മണിക്കൂറിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങൾ നർമ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് അജഗജാന്തരം. ആന്‍റണി വര്‍ഗീസിനൊപ്പം അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കളര്‍ഫുള്‍ എന്‍റര്‍ടെയ്‍നര്‍ എന്ന് പ്രതീക്ഷയുളവാക്കുന്നതായിരുന്നു നേരത്തെ പുറത്തെത്തിയ ട്രെയ്‍ലറും പാട്ടുമൊക്കെ.