കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുകയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. വൈറസ് ബാധ അതിന്‍റെ സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള സര്‍ക്കാരും ഇവിടുത്തെ ആരോഗ്യ വകുപ്പും പൊലീസ് സംവിധാനവുമൊക്കെ. എന്നാല്‍ വീട്ടിലിരിക്കാനുള്ള പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ആഹ്വാനം കേട്ടില്ലെന്ന് നടിച്ച് ലോക്ക് ഡൗണ്‍ 'ആഘോഷിക്കാനെ'ന്ന തരത്തില്‍ വീടിന് പുറത്തേക്ക് കൂട്ടമായിറങ്ങുന്ന പലരുമുണ്ട് ഇപ്പോഴും. ഇത്തരക്കാരോട് തനിക്ക് പറയാനുള്ളത് പറയുകയാണ് നടന്‍ ടിനി ടോം. അച്ഛന്‍റെ നാലാം ചരമവാര്‍ഷിക ദിനമായിരുന്ന ഇന്ന് പള്ളിയില്‍ പോലും പോകാതെയാണ് താനും കുടുംബവും വീട്ടിലിരിക്കുന്നതെന്ന് പറഞ്ഞാണ് ടിനി ടോം തുടങ്ങുന്നത്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ടിനിയുടെ പ്രതികരണം.

പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ താക്കോലുകളുടെ ഒരു ഫോട്ടോ കണ്ടിരുന്നു. സര്‍ക്കാരിന്‍റെ നിര്‍ദേശം ധിക്കരിച്ച് വഴിയിലേക്കിറങ്ങുന്ന ഒരുപാട് പേര്‍ ഇപ്പോഴുമുണ്ടെന്നും അവരോടാണ് തനിക്ക് പറയാനുള്ളതെന്നും ടിനി ടോം.  "മലയാളികള്‍ ഉള്ള സ്ഥലങ്ങളിലൊക്കെ ഞാന്‍ പ്രോഗ്രാമുകള്‍ക്ക് പോയിട്ടുണ്ട്. അവിടെയൊക്കെ സുഹൃത്തുക്കളുമുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അവര്‍ അയച്ചുതന്ന ചില വീഡിയോകള്‍ ഉണ്ട്." വല്ലാര്‍പാടം സ്വദേശിയായ ഇപ്പോള്‍ ഇറ്റലിയിലുള്ള ഒരു വികാരി അയച്ചുതന്ന വീഡിയോയുടെ കാര്യവും പറയുന്നു ടിനി. "മാര്‍ട്ടിന്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. അദ്ദേഹത്തിന്‍റെ സീനിയര്‍ ആയിട്ടുള്ള വികാരി സുഖമില്ലാതെ കിടപ്പിലാണ്. കാന്‍സര്‍ ബാധിതനാണ്. മാര്‍ട്ടിന്‍ അച്ചന് പുറത്തേക്കിറങ്ങാന്‍ ആവുന്നില്ല. കാരണം തൊട്ടപ്പുറത്തെ മുറിയില്‍നിന്ന് ചുമ കേള്‍ക്കാം. എവിടെയും ആംബുലന്‍സുകളുടെ ശബ്ദം. പുറത്ത് മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കണ്ണ് നിറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത്", ടിനി പറയുന്നു.

"ആ അവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടാവാതിരിക്കാനാണ് പ്രധാനമന്ത്രിയും എല്ലാ ദിവസവും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്. വീട്ടില്‍ പോലും പോകാതെയാണ് പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നമ്മള്‍ ഒരു പണിയും എടുക്കാന്‍ അവര്‍ പറയുന്നില്ല. ആകെ പറയുന്നത് വീട്ടിലിരിക്കാനാണ്. പള്ളിയും അമ്പലവുമടക്കം എല്ലാ ദൈവങ്ങളുടെയും വാതിലുകള്‍ അടച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളും ആശുപത്രികളുമാണ് തുറന്നുവച്ചിരിക്കുന്നത്. അവരാണ് ഇപ്പോഴത്തെ ദൈവങ്ങള്‍. ദയവായി അവര്‍ പറയുന്നത് കേള്‍ക്കണം", ടിനി ടോം പറഞ്ഞവസാനിപ്പിക്കുന്നു.