Asianet News MalayalamAsianet News Malayalam

പ്രേതസിനിമയല്ല, ഇത് 'ബോഡി ഹൊറര്‍'; 'ടിറ്റാന്‍' കണ്ട് സിഡ്‍നി ഫെസ്റ്റിവലില്‍ തലചുറ്റി വീണത് 20 പേര്‍

ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ നേടിയ ചിത്രം

titane body horror film 20 fainted at sydney film festival
Author
Thiruvananthapuram, First Published Nov 10, 2021, 2:56 PM IST

ഇത്തവണത്തെ കാന്‍ ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ (Palme d'Or) പുരസ്‍കാരം ലഭിക്കുന്നതിനു മുന്‍പു തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചലച്ചിത്രമാണ് 'ടിറ്റാന്‍' (Titane). ചിത്രം കാണികള്‍ക്കുണ്ടാക്കുന്ന അസ്വസ്ഥതകളുടെ പേരിലായിരുന്നു വാര്‍ത്തകള്‍. 'ബോഡി ഹൊറര്‍' (Body Horror), 'ബയോളജിക്കല്‍ ഹൊറര്‍' എന്നൊക്കെ വിളിക്കപ്പെടുന്ന ഗണത്തില്‍ പെടുന്ന ചിത്രം ഫ്രഞ്ച് ഭാഷയിലാണ്. കാന്‍സിനു പുറമെ ഫ്രഞ്ച്, ബെല്‍ജിയം ഫെസ്റ്റിവലുകള്‍ക്ക് ശേഷം അവസാനം ചിത്രം പ്രദര്‍ശിപ്പിച്ചത് ഓസ്ട്രേലിയയിലെ സിഡ്‍നി ഫിലിം ഫെസ്റ്റിവലില്‍ (Sydney Film Festival) ആണ്. അവിടെനിന്നും സമാന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ചിത്രം കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഇരുപതോളം പേര്‍ക്ക് തലചുറ്റിയെന്നും ചിലര്‍ക്ക് പാനിക്ക് അറ്റാക്ക് പോലും വന്നെന്നും ഭൂരിഭാഗം പ്രേക്ഷകരും കാഴ്ച പൂര്‍ത്തിയാക്കാതെ തിയറ്റര്‍ വിട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഹൊറര്‍ ഗണത്തിന്‍റെ ഉപവിഭാഗത്തില്‍ ഒന്നാണ് ബോഡി ഹൊറര്‍. കാണികളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ മനുഷ്യ ശരീരത്തെ വികൃതമാക്കുന്ന തരത്തിലുള്ള ഹിംസയാണ് ഇത്തരം ചിത്രങ്ങളില്‍ കടന്നുവരാറ്. ലൈംഗിക രംഗങ്ങളിലും കഥാപാത്രങ്ങളുടെ രോഗാവസ്ഥകളിലൂടെയും ശരീരചലനങ്ങളുടെ അസ്വാഭാവികതയിലൂടെയുമൊക്കെ സംവിധായകര്‍ 'ബോഡി ഹൊറര്‍' ആവിഷ്‍കരിക്കാറുണ്ട്. ഇതില്‍ ആദ്യം പറഞ്ഞ തരത്തിലേതാണ് ടിറ്റാനിലെ രംഗങ്ങള്‍. അഗതെ റൗസെല്‍ അവതരിപ്പിക്കുന്ന അലക്സിയ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായിക. നര്‍ത്തകിയായ അലക്സിയ ഒരു കാര്‍ അപകടത്തിനു ശേഷം തലയ്ക്കുള്ളില്‍ ഒരു ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിച്ചിട്ടുണ്ട്. പിന്നാലെ കാറുകളോട് ലൈംഗികാകര്‍ഷണം തോന്നുന്ന നായിക ഒരു കാറുമായി ലൈംഗിക ബന്ധത്തിലും ഏര്‍പ്പെടുന്നു. ഇതിലൂടെ ഗര്‍ഭം ധരിക്കുന്ന അവര്‍ ഒരു മോണ്‍സ്റ്ററിനാണ് ജന്മം നല്‍കുന്നത്.

titane body horror film 20 fainted at sydney film festival

 

സിഡ്‍നി ഫെസ്റ്റിവലിലെ സ്ക്രീനിംഗിനു ശേഷം നിരവധി പേരാണ് തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രത്തെക്കുറിച്ച് വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കാത്തതില്‍ ചലച്ചിത്രോത്സവ സംഘാടകരെ കാണികളില്‍ പലരും കുറ്റപ്പെടുത്തുന്നുണ്ട്. ജൂലിയ ഡുകോര്‍ണോയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കാന്‍ ചലച്ചിത്രോത്സവത്തിന്‍റെ ചരിത്രത്തില്‍ ഇന്നോളം പ്രദര്‍ശിപ്പിച്ചിട്ടുള്ള ഏറ്റവും വന്യമായ ചിത്രമെന്നാണ് ഫെസ്റ്റിവലിന്‍റെ സമയത്ത് ഇന്‍ഡിവയര്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios