ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന് സിനിമയിലെ ആജീവനാന്ത സംഭാവനകൾക്ക് അക്കാദമി ഓണററി ഓസ്കർ നൽകി ആദരിച്ചു.

ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന് ഓണററി ഓസ്‌കർ നൽകി അക്കാദമി. സാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് ലോക സിനിമാപ്രേമികൾക്കിടയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ടോം ക്രൂസ്. സിനിമയിലെ ടോം ക്രൂസിന്റെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് അക്കാദമി ഓണററി ഓസ്‌കർ നൽകിയിരിക്കുന്നത്. 

നേരത്തെ മൂന്ന് തവണ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും താരത്തിന് പുരസ്കാരം ലഭിച്ചിരുന്നില്ല. ഞായറാഴ്ച നടന്ന ഗവർണേഴ്‌സ് അവാർഡ്‌സിൽ വച്ചാണ് ടോം ക്രൂസിന് പുരസ്കാരം നൽകിയത്. സംവിധായകൻ അലജാന്ദ്രോ ജി ഇനാരിറ്റുവാണ് ടോം ക്രൂസിന് പുരസ്ക്കാരം നൽകിയത്. 'ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ', 'ജെറി മഗ്വെയർ' എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടനുള്ള രണ്ട് നാമനിർദ്ദേശങ്ങളും, 'മഗ്നോളിയ' എന്ന ചിത്രത്തിലെ പ്രകടനത്തിന് സഹ നടനുള്ള നാമ നിർദ്ദേശവുമാണ് നേരത്തെ ടോം ക്രൂസിന് ലഭിച്ചിരുന്നത്.

പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള ടോം ക്രൂസിന്റെ വാക്കുകൾ ഇങ്ങനെ: "സിനിമ എനിക്കൊരു തൊഴിൽ മാത്രമല്ല, ജീവിതം തന്നെയാണ്. അതുകൊണ്ടാണ് ഇതിന് പ്രാധാന്യമുള്ളത്. എൻ്റെ ഓർമ്മയിൽ അത്രയും ചെറുപ്പത്തിൽ തന്നെ സിനിമയോടുള്ള എൻ്റെ ഇഷ്ടം ആരംഭിച്ചിരുന്നു. ഞാനന്ന് ഇരുട്ട് നിറഞ്ഞ ഒരു തിയേറ്ററിലെ ചെറിയ കുട്ടിയായിരുന്നു. മുറിക്കു നടുവിലൂടെ പ്രകാശത്തിൻ്റെ ആ കിരണം കടന്നുപോകുന്നത് ഞാൻ ഓർക്കുന്നു. മുകളിലേക്ക് നോക്കിയപ്പോൾ, അത് സ്ക്രീനിൽ പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി. പെട്ടെന്ന്, ഞാൻ അറിഞ്ഞിരുന്ന ലോകത്തേക്കാൾ എത്രയോ വലുതായി ആ ലോകം. മുഴുവൻ സംസ്കാരങ്ങളും ജീവിതങ്ങളും ഭൂപ്രകൃതികളുമെല്ലാം എൻ്റെ മുന്നിൽ ഇതൾ വിരിഞ്ഞു. അത് എന്നിൽ ഒരു തീപ്പൊരിയെ സൃഷ്ടിച്ചു.

View post on Instagram

അതൊരു സാഹസികതയ്ക്കുള്ള ദാഹമായി, അറിവിനായുള്ള ദാഹമായി, മനുഷ്യത്വത്തെ മനസ്സിലാക്കാനുള്ള ദാഹമായി, കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള ദാഹമായി, ഒരു കഥ പറയാനുള്ള ദാഹമായി, ലോകത്തെ കാണാനുള്ള ദാഹമായി. അത് എൻ്റെ കണ്ണുകൾ തുറന്നു. എൻ്റെ ജീവിതത്തിൽ ഞാൻ അപ്പോൾ കണ്ടിരുന്ന അതിർവരമ്പുകൾക്കും അപ്പുറത്തേക്ക് ജീവിതം വികസിക്കാൻ സാധ്യതയുണ്ടെന്നുള്ള എൻ്റെ ഭാവനയെ അത് തുറന്നുവിട്ടു. ആ പ്രകാശരശ്മി ലോകത്തെ തുറക്കാനുള്ള ഒരു ആഗ്രഹം എന്നിൽ ജനിപ്പിച്ചു, അതിനെ ഞാൻ അന്നുമുതൽ പിന്തുടരുകയാണ്." ടോം ക്രൂസ് പറഞ്ഞു.