ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിന്റെ അവസാന ഫ്രെയിം പോസ്റ്റ് ചെയ്ത് ഈ വർഷത്തെ ഏറ്റവും മികച്ച പടം എന്നാണ് ഒരു എക്സ് യൂസർ പോസ്റ്റിട്ടത്. മറുപടിയുമായി നിര്‍മ്മാതാവ്

ചെന്നൈ: തമിഴ് സിനിമയിലെ അത്ഭുത ഹിറ്റാണ് ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം. അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഫാമിലി ഡ്രാമ എന്ന നിലയില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. ശശികുമാറും സിമ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം 75 കോടിയിലേറെ കളക്ട് ചെയ്താണ് അത്ഭുതം സൃഷ്ടിച്ചത്. 

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സില്‍ ഇട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് എക്സില്‍ ഒരു യൂസര്‍ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്താണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് യുവരാജ് ഗണേഷിന്‍റെ പോസ്റ്റ്. ടൂറിസ്റ്റ് ഫാമിലി ചിത്രത്തിന്‍റെ അവസാന ഫ്രൈം പോസ്റ്റ് ചെയ്ത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച പടം എന്നാണ് ഒരു എക്സ് യൂസര്‍ പോസ്റ്റിട്ടത്. 

എന്നാല്‍ ഇത് റീഷെയര്‍ ചെയ്ത നിര്‍മ്മാതാവ് എഴുതിയത് ഇങ്ങനെയാണ്, 'കാണുന്നത് വ്യാജപതിപ്പ്, എന്നിട്ട് അഭിനന്ദവും' എന്നാണ്. ഇതുവരെ പുറത്തുവിടാത്ത വിഷ്വല്‍സാണ് സ്ക്രീന്‍ ഷോട്ടായി ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായതോടെയാണ് പോസ്റ്റ് ചെയ്ത വ്യക്തി വ്യാജപതിപ്പാണ് കണ്ടതെന്ന് വ്യക്തമായത്. 

അതേ സമയം മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ നസെരത്ത് പസിലിയന്‍, മഗേഷ് രാജ് പസിലിയന്‍, യുവരാജ് ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 23-ാം ദിവസം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം 75 കോടിയില്‍ അധികമാണ് ഇതിനകം നേടിയിരിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും വാര്‍ത്ത വന്നിട്ടുണ്ട്. നേരത്തെ ചിത്രം മെയ് 31നോ മെയ് 28നോ ഒടിടിയില്‍ എത്തും എന്നാണ് വിവരം വന്നിരുന്നെങ്കില്‍ ചിത്രം ജൂണ്‍ മാസത്തിലാണ് ഒടിടിയില്‍ എത്തുക എന്നതാണ് പുതിയ വിവരം. ട്രാക്കറായ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച് അപ്ഡേറ്റ് നല്‍കിയത്. ജൂണ്‍ 6ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം. 

Scroll to load tweet…

ആവേശത്തിലെ ബിബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഥുന്‍ ജയ് ശങ്കറാണ് ടൂറിസ്റ്റ് ഫാമിലിയില്‍ ശശികുമാര്‍, സിമ്രന്‍ കഥാപാത്രങ്ങളുടെ മകനായി അഭിനയിച്ചിരിക്കുന്നത്. കമലേഷ് ജഗന്‍ ആണ് മറ്റൊരു മകനായി എത്തിയിരിക്കുന്നത്. യോഗി ബാബു, എം എസ് ഭാസ്കര്‍, രാംകുമാര്‍ പ്രസന്ന, രമേഷ് തിലക്, എളങ്കോ കുമാരവേല്‍, ഭഗവതി പെരുമാള്‍ തുടങ്ങിയവര്‍ക്കൊപ്പം സംവിധായകനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.