സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവീനോ തോമസ് ലൊക്കേഷനുകളിലേക്ക് തിരിച്ചെത്തി. 'കാണെക്കാണെ'എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തിന് ഉഷ്മളമായ വരവേല്‍പ്പാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നൽകിക്കൊണ്ടായിരുന്നു ടൊവീനോയെ സ്വീകരിച്ചത്. 

'കള' എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് ടൊവീനോയ്ക്ക് പരിക്കേറ്റത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന താരം പിന്നീട് സുഖംപ്രാപിച്ച് വീട്ടിലെത്തി. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു.   അപകടം നേരിട്ടപ്പോള്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഴുവന്‍ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അരാധകര്‍ക്കും താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Read Also: മനു അശോകൻ-ബോബി സഞ്ജയ് ടീം വീണ്ടും, ടൊവിനോ ചിത്രം 'കാണെക്കാണെ' ഒരുങ്ങുന്നു

'ഉയരെ'യുടെ വിജയത്തിനുശേഷം സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും ഒന്നിക്കുന്ന ചിത്രമാണ് 'കാണെക്കാണെ'. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു.