ജൂഡ് ആന്റണി സംവിധാനം ചെയ്ത 'തുടക്കം' എന്ന ചിത്രം സെപ്റ്റംബർ 18 മുതൽ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയിൽ ശ്രദ്ധേയമായ സിനിമ, ഇതിനകം 50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി.
വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട തുടക്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടക്കത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇതിനകം അഞ്ചാം വാരത്തിലേക്ക് കടന്നിട്ടുണ്ട്.
തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. മോഹൻലാലിന്റെ അതിഥി വേഷവും തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് ആണ്.



