ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന നാരദന്റെ സംവിധാനം ആഷിഖ് അബു ആണ്.

ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന് പിന്നാലെ ടൊവിനോ തോമസിന്റെ(Tovino Thomas) നാരദൻ(Naradhan) എന്ന ചിത്രത്തിന്റേയും റിലീസ് മാറ്റി. കൊവിഡും ഒമിക്രോണ്‍ വ്യാപനവുമാണ് റിലീസ് മാറ്റാന്‍ കാരണം. ചിത്രം ജനുവരി 27ന് തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് റിലീസ് മാറ്റിയിരിക്കുന്നത്. 

ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന നാരദന്റെ സംവിധാനം ആഷിഖ് അബു ആണ്. 
സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മിന്നല്‍മുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

Read Also: Salute postponed : 'സല്യൂട്ട്' റിലീസ് നീട്ടി; തീരുമാനത്തിനു പിന്നിലെ സാഹചര്യം വിശദീകരിച്ച് ദുല്‍ഖര്‍

ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്ലര്‍ തരുന്ന സൂചന. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.