ടൊവീനോ തോമസ് നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ഫോറന്‍സിക് റീ റിലീസിന് ഒരുങ്ങുന്നു. ദുബായിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. അവിടുത്തെ എട്ട് സ്ക്രീനുകളിലായി നാളെയാണ് (27) റീ റിലീസ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സിനിമാ തീയേറ്ററുകള്‍ ദുബായില്‍ നാളെ മുതല്‍ വീണ്ടും തുറക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഫോറന്‍സിക്കിന്‍റെയും റീ റിലീസ്. 

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 28നാണ് ആദ്യം തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഈ മാസം ഏഴിന് ഏഷ്യാനെറ്റില്‍ നടന്നിരുന്നു. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഫോറന്‍സിക്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന നായക കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിച്ചത്. മംമ്ത മോഹന്‍ദാസ് ആണ് നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.