Asianet News MalayalamAsianet News Malayalam

ഏഷ്യയിലെ മികച്ച നടന്‍; പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ, ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം

മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്

tovino thomas wins best asian actor in Septimius Awards 2023 for 2018 movie nsn
Author
First Published Sep 27, 2023, 8:19 AM IST

അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്ന് മറ്റൊരു നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം ആയിരുന്നു അത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ മഹത്വം. മരിച്ച് വീണുപോകുന്ന ഓരോ തവണയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്, പുരസ്കാരനേട്ടത്തിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ ടൊവിനോ ഇങ്ങനെ പങ്കുവച്ചു.

മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്. ഇറാഖി നടന്‍ വസിം ദിയ, സിംഗപ്പൂരില്‍ നിന്നുള്ള മാര്‍ക് ലീ, ഇറാനിയന്‍ നടന്‍ മൊഹ്സെന്‍ തനബന്ദേ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്തോ, സൌദി നടന്‍ അസീസ് ബുഹൈസ്, യെമെനി നടന്‍ ഖാലിദ് ഹംദാന്‍ എന്നിവരെ പിന്തള്ളിയാണ് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം ടൊവിനോ നേടിയിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിച്ചിരുന്നു. ബോക്സ് ഓഫീസിലും വലിയ വിജയം നേടിയ ചിത്രമായിരുന്നു 2018. മുന്‍ സൈനികനായ അനൂപ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ALSO READ : പറക്കും സ്കോര്‍പിയോ; 'ജവാനി'ലെ അപകടകരമായ ആ രംഗം ചിത്രീകരിച്ചത് ഇങ്ങനെ: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios