1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രം

സാങ്കേതികപരമായി ഇന്ത്യന്‍ സിനിമ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൈവരിച്ച വളര്‍ച്ച ഏറെ വലുതാണ്. കളക്ഷനില്‍ വന്ന വര്‍ധനവ് ബജറ്റില്‍ പ്രതിഫലിച്ചതും ഇന്ത്യന്‍ കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്ക് എത്തിയതും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഒപ്പം ഡിജിറ്റല്‍ ടെക്നോളജിയില്‍ വന്ന വികാസവും. ആക്ഷന്‍ രംഗങ്ങളിലും വിഎഫ്എക്സിലുമൊക്കെ പല ചിത്രങ്ങളും ഈ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ബോളിവുഡ് ചിത്രം ജവാനിലെ ഒരു സുപ്രധാന ആക്ഷന്‍ രംഗത്തിന്‍റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

റോഡില്‍ ഒരു സ്കോര്‍പിയോ മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുന്ന രംഗം ആണിത്. ഹോളിവുഡില്‍ നിന്നുള്ള ആക്ഷന്‍ ഡയറക്ടര്‍ സ്പിറൊ റസറ്റോസ് ആണ് ജവാന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തനിക്ക് വേണ്ടതെന്തെന്ന് ടേക്കിന് മുന്‍പ് വിശദീകരിക്കുന്ന ആറ്റ്ലിയെയും അത് പ്രാവര്‍ത്തികമാക്കാന്‍ തന്‍റെ ടീമിനൊപ്പം കഠിനാധ്വാനം നടത്തുന്ന സ്പിറൊ റസറ്റോസിനെയും വീഡിയോയില്‍ കാണാം. 

അതേസമയം ചിത്രത്തിന്‍റെ റിലീസിന് ശേഷം തനിക്ക് ഹോളിവുഡില്‍ നിന്ന് വിളി വന്നെന്ന് ആറ്റ്ലി പറഞ്ഞിരുന്നു. "ആക്ഷന്‍ ഡയറക്ടര്‍ സ്പിറൊ റസറ്റോസ് ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഹോളിവുഡിലെ പല പ്രധാന സംവിധായകരും സാങ്കേതികപ്രവര്‍ത്തകരുമൊക്കെ ജവാന്‍ കണ്ട ഒരു സ്ക്രീനിംഗില്‍ സ്പിറോയും എത്തിയിരുന്നു. ഞാനാണ് ഈ ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫറെന്ന് അദ്ദേഹം അവരോട് പറയുകയും ചെയ്തിരുന്നു. ഷാരൂഖ് സാര്‍ അഗ്നിയാല്‍ പൊതിഞ്ഞ് നില്‍ക്കുന്ന ആ രംഗം ആരാണ് ചെയ്തതെന്ന് അവര്‍ സ്പിറോയോട് ചോദിച്ചു. അത് സംവിധായകന്‍റെ ഭാവനയാണെന്നും അദ്ദേഹമാണ് ചെയ്തതെന്നും സ്പിറോ പറഞ്ഞു. തുടര്‍ന്ന് ഉടന്‍ അവരെന്നെ ബന്ധപ്പെടുകയായിരുന്നു. താങ്കള്‍ക്ക് ഹോളിവുഡില്‍ പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക എന്നാണ് അവര്‍ പറഞ്ഞത്", ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ആറ്റ്ലി പറഞ്ഞിരുന്നു. 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് ജവാന്‍.

ALSO READ : ബോക്സ് ഓഫീസ് പോര് വീണ്ടും കനക്കും; 'ഡങ്കി'ക്കും 'സലാറി'നുമൊപ്പം മറ്റൊരു ബിഗ് ബജറ്റ് ചിത്രവും

Jawan | Journey of a Shot | Shah Rukh Khan | Vijay Sethupathi | Atlee | Nayanthara | Deepika P