ലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്'ട്രാന്‍സ്'. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി പതിനാലിന് തീയേറ്ററുകളിൽ എത്തും. ഫഹദ് ഫാസിലാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ചിത്രം തീയേറ്ററിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസിമിന്റെയും പോസ്റ്ററുകൾ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ തരംഗമായിരുന്നു.  

അഭിനയിക്കുന്ന താരങ്ങളുടെയും മറ്റ് സാങ്കേതിക വിഭാഗങ്ങളിലുള്ള പ്രമുഖരുടെയും പേരിനാല്‍ പ്രഖ്യാപനസമയം മുതല്‍ സവിശേഷ ശ്രദ്ധ ലഭിച്ച ഒരു പ്രോജക്ട് കൂടിയാണ് ട്രാന്‍സ്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങി ഇക്കാലത്തെ ശ്രദ്ധേയ അഭിനേതാക്കളില്‍ മിക്കവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. സംഗീതം നവാഗതനായ ജാക്സണ്‍ വിജയന്‍. കന്യാകുമാരി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈയിലും ആംസ്റ്റര്‍ഡാമിലും എല്ലാമായാണ് അന്‍വര്‍ റഷീദ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വിന്‍സെന്റ് വടക്കന്റേതാണ് ചിത്രത്തിന്റെ രചന.