മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങുന്ന സിനിമകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പുള്ള സിനിമകളില്‍ ഒന്നാണ് 'ട്രാന്‍സ്'. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 20നാണ് തീയേറ്ററുകളില്‍ എത്തുക. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ എത്തിയത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നായികയാവുന്ന നസ്രിയ നസിം പ്രത്യക്ഷപ്പെടുന്ന പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ഫഹദ് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് സമാനമായ ഡിസൈനിലാണ് നസ്രിയയുടെ പോസ്റ്ററും. കളര്‍ വ്യത്യസ്തമെങ്കിലും ഡിസൈനിലെ ചടുലത അതേപോലെ നിലനിര്‍ത്തിയിട്ടുണ്ട്. ചുവപ്പിന് പ്രാധാന്യമുള്ള വസ്ത്രമാണ് നസ്രിയ ധരിച്ചിരിക്കുന്നത്. അതിന് ചേരുന്നവിധത്തിലാണ് പോസ്റ്ററിന്റെ പശ്ചാത്തലം. ഇംഗ്ലീഷിലുള്ള ടൈറ്റിലും. ഒറ്റനോട്ടത്തില്‍ കണ്ണില്‍ ഉടക്കുന്ന ഡിസൈനിലാണ് പോസ്റ്റര്‍.

ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന നസ്രിയ അഞ്ജലി മേനോന്റെ 'കൂടെ'യിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ഫഹദിനും നസ്രിയക്കുമൊപ്പം സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായി എത്തുന്നു. 

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മ്മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് വിന്‍സെന്റ് വടക്കന്‍. ഛായാഗ്രഹണം അമല്‍ നീരദ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. സംഗീതം ജാക്‌സണ്‍ വിജയന്‍.