വെള്ളിത്തിരയില്‍ ഗജരാജന്‍റെ കഥ അനശ്വരമാക്കിയ ഗുരുവായൂര്‍ കേശവന്‍ സിനിമയിലെ നായികയാണ് ജയഭാരതി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ജയഭാരതിയെ  ശ്രീവല്‍സം അതിഥി മന്ദിരത്തില്‍ വച്ച്  ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പൊന്നാടയണിയിച്ചു.

തൃശൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ നടയിരുത്തിയതിന്‍റെ ശതാബ്‍ദിയുടെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ മുതിര്‍ന്ന തെന്നിന്ത്യന്‍ ചലച്ചിത്ര താരം ജയഭാരതിക്ക് സ്‌നേഹാദരം നല്‍കി. വെള്ളിത്തിരയില്‍ ഗജരാജന്‍റെ കഥ അനശ്വരമാക്കിയ ഗുരുവായൂര്‍ കേശവന്‍ സിനിമയിലെ നായികയാണ് ജയഭാരതി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ജയഭാരതിയെ ശ്രീവല്‍സം അതിഥി മന്ദിരത്തില്‍ വച്ച് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പൊന്നാടയണിയിച്ചു.

കേശവന്‍ ശതാബ്‍ദിയുടെ സ്മരണക്കായി ദേവസ്വം നടത്തി വരുന്ന കേശവീയം 2023 പരിപാടിയുടെ ലോഗോ ഉപഹാരമായി സമ്മാനിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ നിലവിളക്കും ഉപഹാരമായി നല്‍കി. ദേവസ്വം ഭരണസമിതി അംഗം സി മനോജും ചടങ്ങില്‍ പങ്കെടുത്തു. സ്‌നേഹാദരവിന് നന്ദിയറിയിച്ച ജയഭാരതി ഗുരുവായൂര്‍ കേശവന്‍റെ ഷൂട്ടിങ്ങ് ഓര്‍മ്മകളും പങ്കിട്ടു. അന്ന് ഇവിടുത്തെ ദേവസ്വം ആനപ്പറമ്പിലായിരുന്നു ഷൂട്ട്.

ആ ഓര്‍മ്മകള്‍ ഇന്നും മനസിലുണ്ട്. ആനപ്പുറത്ത് കയറിയ നാളുകളെ കുറിച്ചുള്ള ഓര്‍മ്മകളും ജയഭാരതി പങ്കിട്ടു. ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുമ്പോഴെല്ലാം ഈ ഓര്‍മ്മകള്‍ ഓടിയെത്തുമെന്നും അവര്‍ പറഞ്ഞു. 1977ല്‍ പുറത്തിറങ്ങിയ ആ സിനിമയിലെ ജീവിച്ചിരിക്കുന്ന ചലച്ചിത്ര താരമാണ് ജയഭാരതി.

സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ചതിനു ശേഷം വൈകിട്ട് ആറ് മണിയോടെ ദേവസ്വം ഭരണസമിതി അംഗം സി മനോജിനൊപ്പം ക്ഷേത്രത്തിലെത്തിയ ജയഭാരതി ദീപാരാധന ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. അതേസമയം, താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തിലും ജയഭാരതി പങ്കെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത ജയഭാരതിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. കൃഷ്ണചന്ദ്രന്‍, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ് എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് തത്സമയം കാണാം...

YouTube video player