മെയ് 23 നാണ് തിയറ്ററുകളില്‍ എത്തിയ ചിത്രം

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ടര്‍ബോ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം മെയ് 23 നാണ് തിയറ്ററുകളില്‍ എത്തിയത്. മിഥുന്‍ മാനുവല്‍ തിരക്കഥയൊരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നിര്‍മ്മിച്ചത്. രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലാണ് ചിത്രം എത്തിയിരിക്കുന്നത്.

അതേസമയം ഒടിടി റിലീസിന് ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ അറബിക് പതിപ്പ് ജിസിസിയില്‍ തിയറ്റര്‍ റിലീസ് ആയി എത്തിയിരുന്നു. ഇതിന്‍റെ പ്രദര്‍ശനം അവിടെ ഇപ്പോഴും തുടരുകയാണ്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്‍റെ മേല്‍നോട്ടത്തിലാണ് അറബിക് പതിപ്പിന്‍റെ ജിസിസി റിലീസ്. 

ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. മാസ് ആക്ഷന്‍ വിഭാ​ഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനുമാണ് ടര്‍ബോ നേടിയത്.

വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ക്രിസ്റ്റോ സേവ്യര്‍ ആണ്. വേഫെറര്‍ ഫിലിംസ് ആണ് ഇന്ത്യയിലെ തിയറ്റര്‍ വിതരണം നിര്‍വ്വഹിച്ചത്. അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, ശബരീഷ് വര്‍മ്മ, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ALSO READ : സുധീര്‍ കരമനയ്‍ക്കൊപ്പം പുതുമുഖങ്ങള്‍; 'മകുടി' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം