മകളുടെ വിവാഹത്തെ കുറിച്ച് സീരിയല്‍ താരം ഉമാ നായര്‍.
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് ഉമ നായര്‍. കഴിഞ്ഞ മാസമാണ് ഉമ നായരുടെ മകൾ ഗൗരി ദീർഘകാല സുഹൃത്തായ ഡെന്നിസിനെ വിവാഹം ചെയ്തത്. ഡെന്നിസിന് വളരെ ചെറുപ്പം മുതലേ തന്റെ മകളെ ഇഷ്ടം ആയിരുന്നു എന്നും വിവാഹം കഴിപ്പിച്ചു തരാമോ എന്ന് വളരെ ചെറുപ്പത്തിൽ തന്നെ വന്നു ചോദിച്ചുവെന്നും ഉമാ നായർ പറഞ്ഞിരുന്നു. മൂവരും ഒരുമിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
''മോളുടെ വിവാഹ വീഡിയോ തരംഗമാകുമോയെന്നോ ഇത്രയേറെ ആളുകൾ ശ്രദ്ധിക്കുമെന്നോ കരുതിയിരുന്നില്ല. ഭഗവാൻ എല്ലാം ഭംഗിയായി നടത്തി തന്നു. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും അങ്ങനെ എല്ലാവരും എനിക്കൊപ്പം കരുത്തായി നിന്നു. മോൾക്ക് ഇഷ്ടപ്പെട്ട ആളെക്കൊണ്ട് തന്നെ അവളുടെ വിവാഹം നടത്തി കൊടുത്തു. മോന്റെ മതം വേറെയാണെന്നു പറഞ്ഞ് ഒരുപാട് പേർ എന്നെ കുറ്റപ്പെടുത്തിയുണ്ട്. പക്ഷേ ജാതിക്കും മതത്തിനുമെല്ലാം അപ്പുറം രണ്ട് വ്യക്തികൾ എങ്ങനെ സ്നേഹിച്ച് ജീവിക്കുന്നു എന്നതിനാണ് ഞാൻ പ്രധാന്യം കൊടുത്തത്. ഇനി എല്ലാം അവരുടെ കയ്യിലാണ്. ഇതെല്ലാം ഇനി പ്രൂവ് ചെയ്യേണ്ടത് അവരാണ്. ഒരുപാടു വർഷം അവർ സന്തോഷമായി ജീവിക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം'', വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ ഉമാ നായർ പറഞ്ഞു.
''ഒമ്പത് വർഷമായി ഡെന്നിസിനെ എനിക്ക് അറിയാം. സമ്മർ ഇൻ ബത്‍ലഹേമിലെ ഡെന്നിസിനെപ്പോലെ തന്നെയാണ് എന്റെ ഡെന്നിസും.
ഡെന്നിസിന് പതിനേഴ് വയസുള്ളപ്പോഴാണ് ആദ്യം ഗൗരിയെ പെണ്ണ് ചോദിച്ച് വന്നത്. എന്നോട് നേരിട്ടാണ് ചോദിച്ചത്. അന്നേ എനിക്ക് ഡെന്നീസിനോട് ഇഷ്ടം തോന്നിയിരുന്നു. എനിക്ക് മോശം വരുന്നതൊന്നും ഡെന്നീസ് ചെയ്‍തിട്ടില്ല. ഗൗരിയുമായി പുറത്ത് പോകുമ്പോൾ പോലും എന്നോട് ചോദിക്കും. വിവാഹനിശ്ചയം കഴിഞ്ഞിട്ടും അങ്ങനെ തന്നെയായിരുന്നു'', ഉമാ നായർ കൂട്ടിച്ചേർത്തു.
