ടി വി ഷോകളിലൂടെ പ്രശസ്തനായ നടന്‍ ശര്‍ദൂല്‍ കുനാല്‍ പണ്ഡിറ്റ് മുംബൈയില്‍ നിന്ന് തന്റെ വീട്ടിലേക്ക് മടങ്ങുകയാണ്. തന്റെ വരുമാനംകൊണ്ട് മുംബൈയിലെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തസാഹചര്യത്തിലാണ് താരത്തിന്റെ ഇന്‍ഡോറിലെ വീട്ടിലേക്കുള്ള മടക്കം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഭിനയിക്കാന്‍ അവസരം നല്‍കണമെന്നതടക്കം അഭ്യര്‍ത്ഥിച്ച് തന്റെ ഇപ്പോഴത്തെ സാഹചര്യം ശര്‍ദ്ദൂര്‍ വ്യക്തമാക്കിയത്. 

ടിവി ഷോകള്‍ അവതരിപ്പിക്കുന്നതിനും അഭിനയത്തിനും ആവശ്യമെങ്കില്‍ തന്നെ ബന്ധപ്പെടണമെന്ന് കാസ്റ്റിംഗ് ഡിറക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചുകണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശാര്‍ദ്ദൂല്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു, ഇതിന് പിന്നാലെയാണ് മുംബൈ വിടുന്നുവെന്ന് അറിയിച്ചത്. പോകാന്‍ ആഗ്രഹമുണ്ടായിട്ടല്ലെന്നും കൊവിഡ് കാരണം ലോക്ക്ഡൗണിലായ മൂന്ന് മാസംകൊണ്ട് തന്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം തീര്‍ന്നുവെന്നും ഇനിയും മുംബൈയില്‍ തുടരാനുള്ള സാമ്പത്തികമില്ലെന്നും ശാര്‍ദ്ദൂല്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

എല്ലായിടത്തും തോറ്റുപോയാല്‍ വീട്ടിലേക്ക് മടങ്ങൂ എന്നുകൂടി ശാര്‍ദ്ദൂല്‍ പറയുന്നു. ലോക്ക്ഡൗണിന് മുമ്പ് ഒരു വെബ്‌സീരിസില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അതിന് പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ശാര്‍ദ്ദൂല്‍ പറഞ്ഞു. ''ഞാന്‍ ജോലി ചെയ്താലും ഇല്ലെങ്കിലും വാടക കൊടുക്കണം, മറ്റ് ചെലവുകള്‍ ഉണ്ടാകും. എനിക്ക് നാളെ ഒരു പ്രൊജക്ട് ലഭിച്ചാലും ഇന്റസ്ട്രി നിയമങ്ങള്‍ വച്ച് പണം ലഭിക്കാന്‍ മൂന്ന് മാസമെങ്കിലുമാകും.'' ശര്‍ദ്ദൂല്‍ വ്യക്തമാക്കി.