Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് സുരേഷ് ഗോപി, 'വരുംതലമുറയ്ക്ക് ഗുണമാകുമെന്ന് പ്രതീക്ഷ'

കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം

Union Minister Suresh Gopi has asked Justice K Hema Committee report to come out
Author
First Published Aug 17, 2024, 6:29 PM IST | Last Updated Aug 17, 2024, 6:42 PM IST

കൊച്ചി: ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടനും എം എൽ എ യുമായ എം മുകേഷും രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് കൂട്ടിച്ചേർത്തു. 

അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടാത്തത്. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.

നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19 -ാം തിയതി വരെ സർക്കാരിന് സമയമുണ്ട്. അതിനാൽ അൽപം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം. 49 -ാം പേജിലെ ചില വിവരങ്ങളും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ലെന്നാണ് വ്യക്തമാകുന്നത്.

2024 ലെ വലിയ തമാശ; എനിക്കല്ല, ആഭ്യന്തരമന്ത്രിക്കും പൊലീസിനുമാണ് റിബേഷ് നോട്ടീസ് അയക്കേണ്ടത്: പാറക്കൽ അബ്ദുള്ള

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios