മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മസില്‍ മാനെന്ന് ആരാധകര്‍ വിളിക്കുന്ന ഉണ്ണി മുകുന്ദൻ ചെറുപ്പത്തിലെ ക്രിക്കറ്റ് താരവും കൂടിയാണ്. ഉണ്ണി മുകുന്ദന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സ്‍കൂള്‍ പഠന കാലത്തെ ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ ഉണ്ണി മുകുന്ദൻ പങ്കുവച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്.

ലോക്ക് ഡൌണ്‍ കാലത്ത് ഫോട്ടോകളും വിശേഷങ്ങളും ഉണ്ണി മുകുന്ദൻ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. ഗുജറാത്ത് ഭൂകമ്പത്തിന്റെ ഓര്‍മ്മകളൊക്കെ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. കമന്റുകളുമായി ആരാധകരും രംഗത്ത് എത്താറുണ്ട്. നേരത്തെ ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ഓര്‍മ്മയും സമ്മാനം വാങ്ങിക്കുന്നതിന്റെയും ഫോട്ടോ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ മികച്ച ക്രിക്കറ്റ് മത്സരങ്ങളൊന്നിന്റെ ഫൈനല്‍ ആയിരുന്നു അതെന്നും തോറ്റെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. അന്നുമുതല്‍ തോറ്റ ടീമിന്റെ ക്യാപ്റ്റൻ എന്നാണ് അറിയപ്പെട്ടിരുന്നത് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.