ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം

ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിക്കെതിരെ, ചിത്രം മോശമാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടക്കുന്നതായി നടന്‍ ഉണ്ണി ശിവപാല്‍. അത് കേട്ട് താനും കാണേണ്ടെന്ന് കരുതിയിരുന്ന ചിത്രമാണിതെന്നും എന്നാല്‍ യാദൃശ്ചികമായി കാണാന്‍ ഇടയായപ്പോള്‍ കേട്ടതൊന്നും ശരിയല്ലെന്ന് മനസിലായെന്നും ഉണ്ണി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി ശിവപാലിന്‍റെ പ്രതികരണം. 

"സോഷ്യല്‍ മീഡിയയിലെ റിവ്യൂസ് കണ്ട് ഈ സിനിമ കാണാന്‍ കൊള്ളില്ല എന്നാണ് ആദ്യം കരുതിയിരുന്നത്. നിര്‍മ്മാതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നത് കേട്ടാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി കാണാന്‍ പോയത്. സത്യം പറഞ്ഞാല്‍ നാണം തോന്നുന്നു. ആരോടാണെന്ന് അറിയാമോ, സോഷ്യല്‍ മീഡിയയിലെ റിവ്യൂവേഴ്സിനോട്. നാണക്കേട് നിങ്ങള്‍ക്ക് തന്നെയാണ്. സത്യസന്ധമായി ഏത് സിനിമയെക്കുറിച്ചും നിങ്ങള്‍ക്ക് അവലോകനം ചെയ്യാം. പക്ഷേ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് എന്തിനാണ് സ്വന്തം തലയില്‍ ചളി വാരിത്തേക്കുന്നത്? ഒരു ആധികാരികതയും ഇല്ലാതെ ഒറ്റയടിക്ക് അങ്ങ് പറയുകയാണ്, അതിന്‍റെ ക്യാമറ പോര, ഡയറക്ഷന്‍ പോര, ദിലീപിന്‍റെ പഴയ കോമഡി എന്നൊക്കെ. ഏറ്റവും പുതിയ കാര്യങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. മനോഹരമായ ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ ആണ് ചിത്രം. ഒരു സങ്കോചവും ഇല്ലാതെ ഫാമിലിയായി പോയി കാണാവുന്ന സിനിമയാണ്. ഇങ്ങനെയൊരു പ്രൊപ്പഗണ്ട കൊണ്ടൊന്നും ഒരു നല്ല സിനിമയെയും സിനിമാ സമൂഹത്തെയും തകര്‍ക്കാന്‍ ആവില്ല", ഉണ്ണി ശിവപാല്‍ പറഞ്ഞ‌വസാനിപ്പിക്കുന്നു.

ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രമാണിത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്‍റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം