30-ാമത് IFFK-യിൽ, നീണ്ട ക്യൂ ഒഴിവാക്കാൻ ഇത്തവണ ആദ്യമായി 'അൺ റിസർവ്ഡ് കൂപ്പൺ' സംവിധാനം ഏർപ്പെടുത്തി. തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഈ കൂപ്പണുള്ളവർ മാത്രം ക്യൂ നിന്നാൽ മതിയാകും.

തിരുവനന്തപുരം: ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പുകൾക്ക് ഒടുവിൽ ഈ വർഷത്തെ ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാനത്ത് തുടക്കമായത് കഴിഞ്ഞ ദിവസമാണ്. 30-ാമത് ചലത്രോത്സവം എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ തന്നെ ഒരു കൂട്ടം മികച്ച സിനിമകളും മേളയിൽ സ്ക്രീൻ ചെയ്യും. എല്ലാവർഷവും മണിക്കൂറുകളോളം ക്യൂ നിന്നിട്ടും പലർക്കും സിനിമ കാണാൻ പറ്റാത്ത അവസ്ഥകളുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ ഡെലി​ഗേറ്റുകളും ഭാരവാ​ഹികളും തമ്മിൽ തർക്കവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വർഷം അണ്‍ റിസര്‍വ്ഡ് കൂപ്പണ്‍ അവതരിപ്പിച്ച് ഇതിനൊരു പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ.

എല്ലാ വര്‍ഷവും ഐഎഫ്എഫ്കെയിൽ റിവർഡ് സീറ്റുകളുണ്ടാകാറുണ്ട്. ബാക്കിയുള്ളവയ്ക്കാണ് ഡെലി​ഗേറ്റുകൾ ക്യൂ നിൽക്കുന്നത്. മണിക്കൂറുകളോളം നീണ്ട വലിയൊരുനിര തന്നെ പല തീയറ്ററുകൾക്ക് മുന്നിലും കാണാം. എന്നാല്‍ അൺ റിസർവ്ഡ് കൂപ്പൺ ഉള്ളതുകൊണ്ട് ഇതിന്‍റെ ആവശ്യമില്ല. മേള നടക്കുന്ന എല്ലാ തിയറ്ററുകളിലും കൂപ്പണ്‍ ലഭ്യമാണ്. കൂപ്പണിൽ തിയറ്ററിന്റെ പേര്, ഷോ ടൈം എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ കൂപ്പൺ ലഭിക്കുന്നവർ മാത്രം ക്യൂ നിന്നാൽ മതിയാകും. ബാക്കിയുള്ളവർക്ക് സമയം ലാഭിക്കാനും മറ്റ് സിനിമകൾക്ക് പോകാനും ഇതിലൂടെ സാധിക്കും. ഇതാദ്യമായാണ് ഐഎഫ്എഫ്കെയിൽ അൺ റിസർവ്ഡ് കൂപ്പൺ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം, ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ഇന്ന് ഒരുപിടി മികച്ച സിനിമളാണ് പ്രദർശനത്തിന് എത്തുന്നത്. ഹോമേജ് വിഭാ​ഗത്തിൽ മലയാളത്തിലെ 'നിർമാല്യം' മുതലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. മൊത്തം 72 സിനിമകളിന്ന് തിയറ്ററുകളിൽ എത്തും. 2025 കാനിൽ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ വൈകിട്ട് 6 ന് ശ്രീ പദ്മനാഭ തിയറ്ററൽ പ്രദർശിപ്പിക്കും. ഫുൾ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓൺ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോർ ദി ബോഡി എന്നീ സിനിമകളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്