മെഗാ ഉര്‍വ്വശി; അവാര്‍ഡ് തിളക്കത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം മലയാളത്തിന്‍റെ മഹാനടി
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉര്‍വ്വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വീണ്ടും ലഭിക്കുന്നത്
ആദ്യം കഥ കേട്ടപ്പോള്‍ ഉര്‍വ്വശി ഒഴിവാക്കിവിടാന്‍ ആലോചിച്ച സിനിമയായിരുന്നു ഉള്ളൊഴുക്ക്! ജീവിത പശ്ചാത്തലമായ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനൊപ്പം വ്യക്തിപരമായ ദു:ഖത്തിന്‍റെ വേലിയേറ്റത്തിലൂടെയും കടന്നുപോകുന്ന ലീലാമ്മ തന്നെ വീര്‍പ്പുമുട്ടിക്കും എന്നറിയാവുന്നതിനാലാണ് ഉര്‍വ്വശി ആദ്യം നോ പറഞ്ഞത്. താന്‍ ഈ ചിത്രത്തിന്‍റെ ഭാഗമായതിന് അഭിനന്ദിക്കേണ്ടത് സംവിധായകന്‍ ക്രിസ്റ്റോ ടോമിയെ ആണെന്നും ഉര്‍വ്വശി പറഞ്ഞിട്ടുണ്ട്. ആഴത്തിലുള്ള ദു:ഖം അനുഭവിക്കുന്ന കഥാപാത്രങ്ങളുള്ള, ഗ്രേ ഷെയ്ഡ് ഉള്ള ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കാറുണ്ട് സമീപകാലത്ത് ഉര്‍വ്വശി. തന്നെ വ്യക്തിപരമായി അത് ബാധിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. എന്നാല്‍ ലീലാമ്മയുടെ വേദനകളും ഏകാന്ത ദു:ഖങ്ങളുമൊക്കെ പകര്‍ന്നാടി പ്രേക്ഷകരുടെയും ഉള്ള തൊട്ട് ഉര്‍വ്വശി നേടിയെടുത്തത് മറ്റൊരു സംസ്ഥാന അവാര്‍ഡ് ആണ്. അവരുടെ സിനിമാ ജീവിതത്തിലെ ആറാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് ഇത്.
ബാലതാരമായെത്തി പിന്നീട് നായികയായി സ്ഥാനക്കയറ്റം കിട്ടിയ ഉര്‍വ്വശി 45 വര്‍ഷമായി മലയാളികളുടെ കണ്‍മുന്നിലുണ്ട്. ഉര്‍വ്വശിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭൂരിഭാഗം സിനിമാപ്രേമികളുടെയും മനസിലേക്ക് ആദ്യമെത്തുക പൊട്ടിച്ചിരിപ്പിച്ച ചില വേഷങ്ങള്‍ ആവും. കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയകുമാരിയും തലയണമന്ത്രത്തിലെ കാഞ്ചനയും മിഥുനത്തിലെ സുലോചനയുമൊക്കെ. എന്നാല്‍ കേവലം ചിരി പടര്‍ത്താന്‍ ലക്ഷ്യം വച്ച് തയ്യാറാക്കപ്പെട്ട കഥാപാത്രങ്ങള്‍ ആയിരുന്നില്ല ഇവരൊന്നും. അവര്‍ ജീവിതത്തില്‍ നേരിടുന്ന പല നിസ്സഹായതകളും പ്രതിസന്ധികളുമൊക്കെയാണ് ആ ചിരികള്‍ സൃഷ്ടിച്ചത്. ഒന്ന് പാളിയാല്‍ മൊത്തെ സിനിമയെത്തന്നെ രസഹീനമാക്കുമായിരുന്ന ആ കഥാപാത്രങ്ങളെ ഒരു മികച്ച നടിക്ക് മാത്രം സാധ്യമാവുന്ന കരവിരുതില്‍ ഉര്‍വ്വശി നമ്മുടെ മനസുകളില്‍ കോറിയിട്ടു. ഈ മൂന്ന് കഥാപാത്രങ്ങളില്‍ നിന്ന് ഉള്ളൊഴുക്കിലെ ലീലാമ്മയിലേക്കുള്ള ദൂരം മാത്രം മതി ഉര്‍വ്വശിയിലെ അഭിനയ പ്രതിഭയുടെ ആഴവും പരപ്പും അളക്കാന്‍.
1991 ല്‍ നാല് ചിത്രങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഉര്‍വ്വശി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അതേ ചിത്രത്തിലെ ഇന്നസെന്‍റ് കഥാപാത്രം പറയുന്നത് പോലെ അല്‍പം ഫാസ്റ്റ് ആയ, ഹൃദയകുമാരി എത്തിയ കടിഞ്ഞൂല്‍ കല്യാണത്തിനൊപ്പം അതേ വര്‍ഷം ജൂറി പരിഗണിച്ചത് കാക്കത്തൊള്ളായിരത്തിലെ രേവതി, മുഖചിത്രത്തിലെ സാവിത്രിക്കുട്ടി, ഭരതത്തിലെ ദേവി എന്നിവരെയുമായിരുന്നു. ഉര്‍വ്വശിയുടെ റേഞ്ചിന്‍റെ മറ്റൊരു ആഴം!
ഉള്ളൊഴുക്കിലെ പുരസ്കാര നേട്ടത്തോടെ ബെസ്റ്റ് ആക്റ്റര്‍ പുരസ്കാരങ്ങളില്‍ ഉര്‍വ്വശി മുന്‍നിരയിലേക്ക് നീങ്ങിനില്‍ക്കുന്നത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമാണ്. 6-6-6 എന്നതാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളിലെ ബെസ്റ്റ് ആക്റ്റര്‍ പുരസ്കാരങ്ങളില്‍ ഈ മൂന്ന് പേരുടെ സമ്പാദ്യം. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉര്‍വ്വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വീണ്ടും ലഭിക്കുന്നത്. മധുചന്ദ്രലേഖയിലൂടെ 2006 ലാണ് അവര്‍ക്ക് ഈ പുരസ്കാരം ഒടുവില്‍ ലഭിച്ചത്. 1989 (മഴവില്‍ കാവടി, വര്‍ത്തമാനകാലം), 1990 (തലയണമന്ത്രം), 1991 (ഭരതം, മുഖചിത്രം, കാക്കത്തൊള്ളായിരം, കടിഞ്ഞൂല്‍ കല്യാണം), 1995 (കഴകം) എന്നിങ്ങനെയാണ് ഉര്‍വ്വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച മറ്റ് വര്‍ഷങ്ങള്‍.
മോഹന്‍ലാലിന് 1986 (ടി പി ബാലഗോപാലന്‍ എം എ), 1991 (അഭിമന്യു, കിലുക്കം, ഉള്ളടക്കം), 1995 (സ്ഫടികം, കാലാപാനി), 1999 (വാനപ്രസ്ഥം), 2005 (തന്മാത്ര), 2007 (പരദേശി) എന്നീ വര്‍ഷങ്ങളിലാണ് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. മമ്മൂട്ടിക്ക് 1984 (അടിയൊഴുക്കുകള്‍), 1989 (ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം), 1993 (വിധേയന്‍, പൊന്തന്‍മാട, വാല്‍സല്യം), 2004 (കാഴ്ച), 2009 (പാലേരി മാണിക്യം), 2022 (നന്‍പകല്‍ നേരത്ത് മയക്കം) എന്നീ വര്‍ഷങ്ങളിലും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.