വി എം വിനു മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്‍ത ചിത്രമാണ് ബാലേട്ടൻ. ബാലേട്ടൻ അക്കാലത്ത് വലിയ വിജയവുമായി മാറിയിരുന്നു. ഒട്ടേറെ ശ്രദ്ധേയ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. കോമഡിക്കും കുടുംബ ബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയിട്ടുള്ളതായിരുന്നു ചിത്രം. എന്നാല്‍ ചിത്രത്തില്‍ മോഹൻലാലിനെയല്ല ആദ്യം നായകനായി ആലോചിച്ചിരുന്നത് എന്ന് പറയുകയാണ് വി എം വിനു.

ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്‍പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്‍ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു. തിരക്കഥയില്‍ ആരെയാണ് നടനായി മനസില്‍ കാണുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോല്‍ 'ജയറാമായാല്‍ കലക്കില്ലേ' എന്നാണ് ഷാഹിദ് ചോദിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് കടന്നു വന്ന നടന്റെ മുഖം മോഹന്‍ലാലിന്റേതായിരുന്നു. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്. ജയറാമാണെങ്കില്‍ അത്തരം നിരവധി കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ നമുക്കിത് ഉടന്‍ തന്നെ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്- വി എം വിനു പറയുന്നു.