Asianet News MalayalamAsianet News Malayalam

പൃഥ്വിരാജും ആഷിക്കും പിന്മാറിയാലും 'വാരിയംകുന്നന്‍' നടക്കും; രണ്ട് ഭാഗങ്ങളായി പുറത്തെത്തുമെന്ന് നിര്‍മ്മാതാവ്

അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും കോംപസ് മൂവീസ്

vaariyamkunann will be made in two parts says producer after the exit of prithviraj and aashiq abu
Author
Thiruvananthapuram, First Published Sep 3, 2021, 10:57 AM IST

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിക് അബുവും നായക കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു വിശദീകരിച്ചിരുന്നു. പ്രഖ്യാപനസമയത്തേ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയുണ്ടാക്കിയ പ്രോജക്റ്റില്‍ നിന്നുമുള്ള ഇരുവരുടെയും പിന്മാറ്റം സൃഷ്‍ടിച്ച കോലാഹലം ഇപ്പോഴും തുടരുകയാണ്. ആഷിക്കും പൃഥ്വിരാജും പിന്മാറുന്നതോടെ പ്രോജക്റ്റ് നടക്കില്ല എന്ന രീതിയിലായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വാസ്‍തവവിരുദ്ധമാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. സിനിമ രണ്ട് ഭാഗങ്ങളായി പുറത്തെത്തുമെന്നും അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും കോംപസ് മൂവീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കോംപസ് മൂവീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്

2020 ജൂണ്‍ മാസം 22ന് പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോടുള്ള കോമ്പസ് മൂവീസിന്‍റെ ഔദ്യോഗിക പ്രതികരണമാണ് ഇത്.

കോമ്പസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇത് മനസ്സിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചത്.

ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്‍റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ ഉത്തരവാദിത്തം പോലെതന്നെ പ്രസക്തമാണ് കലാപരമായ ചുമതലാബോധവും. ആ ഉറച്ച ബോധ്യത്തില്‍ തന്നെയാണ് ഈ പദ്ധതി അര്‍ഹിക്കുന്ന കലാമേന്മയോടെയും സാങ്കേതികത്തികവോടെയും തന്നെ സാക്ഷാത്കരിക്കപ്പെടണം എന്ന നിഷ്‍കര്‍ഷ ഞങ്ങള്‍ വച്ചുപുലര്‍ത്തിയത്. അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരുമായും ചലച്ചിത്രതാരങ്ങളുമായും ഈ പദ്ധതി വിവിധ ഘട്ടങ്ങളില്‍ ധാരണയായിട്ടുണ്ട്. അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടില്‍ നിന്നാണ് 2020 ജൂണ്‍ മാസം 22ന് ഈ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സംഭവിക്കുന്നത്.

തുടര്‍ന്ന് ചില നിര്‍ഭാഗ്യകരമായ സാചചര്യങ്ങളാല്‍, പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റില്‍ നിന്നും ആഷിക് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നു. എന്നാല്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദുരീകരിക്കാനാണ് ഈ കുറിപ്പ്.

കോമ്പസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമ അതിന്‍റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആ ദിശയില്‍ വിപുലമായ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്‍കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

സിക്കന്തര്‍
എം.ഡി, കോമ്പസ് മൂവീസ്

2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രഖ്യാപനസമയത്ത് അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞ സമയമായപ്പോഴും പുതിയ അപ്ഡേറ്റുകളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെ പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്‍തു. കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്‍റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു.

അതേസമയം സിനിമ പ്രഖ്യാപന സമയത്തിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തിരുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്‍റെ '1921 പുഴ മുതല്‍ പുഴ വരെ' എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍. ഇതില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് അലി അക്ബര്‍ ചിത്രം മാത്രമാണ്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios