Asianet News MalayalamAsianet News Malayalam

'മാമന്നന്‍' എത്തുംമുന്‍പേ പുതിയ ചിത്രം പ്രഖ്യാപിച്ച് മാരി സെല്‍വരാജ്; 'വാഴൈ' വരുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ചിത്രമാണിത്

vaazhai movie announced by mari selvaraj after maamannan
Author
First Published Nov 21, 2022, 3:17 PM IST

തന്‍റെ പുതിയ ചിത്രം മാമന്നന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ തുടരുമ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ തമിഴ് സംവിധായകന്‍ മാരി സെല്‍വരാജ്. പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്നുണ്ടാവുമെന്ന് മാരി സെല്‍വരാജ് സോഷ്യല്‍ മീഡിയയിലൂടെ ഇന്നലെ അറിയിച്ചിരുന്നു. ഇതുപ്രകാരം ടൈറ്റില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. വാഴൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രമുഖ താരങ്ങളൊന്നുമില്ലാതെ, നാല് ആണ്‍കുട്ടികളാണ് ടൈറ്റില്‍ പോസ്റ്ററില്‍. ഇവര്‍ ഒരു വാഴത്തോട്ടത്തിന് സമീപത്ത് ഇരിക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ചിത്രമാണിത്. മാരി സെല്‍വരാജും ദിവ്യ മാരി സെല്‍വരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പരിയേറും പെരുമാള്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. പിന്നീട് ധനുഷ് നായകനായ കര്‍ണ്ണനും സംവിധാനം ചെയ്‍തു. മൂന്നാമത്തെ ചിത്രമായ മാമന്നനില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നായകന്‍. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും വടിവേലുവും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാര്‍ച്ച് ആദ്യവാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ രചനയും മാരി സെല്‍വരാജിന്‍റേതാണ്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ മാരി സെല്‍വരാജ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, സംഗീതം എ ആര്‍ റഹ്മാന്‍. 

ALSO READ : 'ഗോള്‍ഡ്' ഉടന്‍ തിയറ്ററുകളിലേക്കെന്ന് ലിസ്റ്റിന്‍; റിലീസ് തീയതി മറ്റന്നാള്‍ പ്രഖ്യാപിക്കും

മാമന്നനു ശേഷം ധ്രുവ് വിക്രം നായകനാവുന്ന ഒരു ചിത്രമാവും മാരി സെല്‍വരാജ് സംവിധാനം ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കബഡി താരമായാണ് ധ്രുവ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഏതായാവും മാരിയില്‍ നിന്നുണ്ടായ പുതിയ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് തമിഴ് സിനിമാപ്രേമികള്‍ സ്വീകരിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios