ആദ്യ സീസണില്‍ ഇല്ലാതിരുന്ന, രണ്ടാംസീസണിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് സാമന്ത അക്കിനേനി അവതരിപ്പിക്കുന്ന രാജലക്ഷ്‍മി ചന്ദ്രന്‍ എന്ന കഥാപാത്രമാണ്. ശ്രീലങ്കന്‍ തമിഴ് വംശജയായ ഈ കഥാപാത്രത്തിന്‍റെ അവതരണമാണ് തമിഴ് നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്

ആമസോണ്‍ പ്രൈമിന്‍റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ് ദി ഫാമിലി മാന്‍. സിരീസിന്‍റെ രണ്ടാം സീസണ്‍ ജൂണ്‍ 4ന് പ്രീമിയര്‍ ചെയ്യാന്‍ ഇരിക്കുകയാണ് ആമസോണ്‍ പ്രൈം. പുതിയ സീസണിന്‍റെ ട്രെയ്‍ലര്‍ ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ട്രെയ്‍ലറിനെതിരെ വിമര്‍ശനം ഉയര്‍ത്തി, സീസണിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ചില തമിഴ് രാഷ്ട്രീയ നേതാക്കള്‍. എംഡിഎംകെ നേതാവും രാജ്യസഭാംഗവുമായ വൈകോ, നാം തമിഴര്‍ കക്ഷി നേതാവ് സീമന്‍ എന്നിവരാണ് ആവശ്യം പരസ്യമായി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് വൈകോ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് അയച്ചിട്ടുമുണ്ട്.

ആദ്യ സീസണില്‍ ഇല്ലാതിരുന്ന, രണ്ടാംസീസണിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് സാമന്ത അക്കിനേനി അവതരിപ്പിക്കുന്ന രാജലക്ഷ്‍മി ചന്ദ്രന്‍ എന്ന കഥാപാത്രമാണ്. ശ്രീലങ്കന്‍ തമിഴ് വംശജയായ ഈ കഥാപാത്രത്തിന്‍റെ അവതരണമാണ് തമിഴ് നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. തമിഴരെ തീവ്രവാദികളായും പാകിസ്താനുമായി ബന്ധമുള്ള ഐഎസ്ഐ ഏജന്‍റുമാരുമായാണ് ട്രെയ്‍ലറില്‍ കാണിച്ചിട്ടുള്ളതെന്ന് കേന്ദ്രമന്ത്രിക്കുള്ള കത്തില്‍ വൈകോ ആരോപിക്കുന്നു. എല്‍ടിടിഇ പോരാളികളെ തെറ്റായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും. "നടി സാമന്തയുടെ തമിഴ് സംസാരിക്കുന്ന കഥാപാത്രത്തെ ഒരു തീവ്രവാദിയായാണ് കാണിച്ചിരിക്കുന്നത്. അവര്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്നും പറയുന്നു. ഇത് തമിഴ് ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്", ആയതിനാല്‍ സിരീസിന്‍റെ സംപ്രേഷണം വിലക്കണമെന്നാണ് വൈകോ ഉയര്‍ത്തിയിരിക്കുന്ന ആവശ്യം.

Scroll to load tweet…

തമിഴ് ജനതയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്ന സിരീസ് ആണിതെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് സീമന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം സീസണിന്‍റെ പശ്ചാത്തലമായി ചെന്നൈ തിരഞ്ഞെടുത്തിരിക്കുന്നത് യാദൃശ്ചികമല്ലെന്നും എല്‍ടിടിഇയെ ഒരു തീവ്രവാദ സംഘടനയായും തമിഴ് ജനതയെ അക്രമോത്സുകത ഉള്ളവരായും ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സീമന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിലക്ക് ഏര്‍പ്പെടുത്താത്ത പക്ഷം ഈണം, മദ്രാസ് കഫെ എന്നീ സിനിമകള്‍ക്ക് നേരിടേണ്ടിവന്ന എതിര്‍പ്പ് ഫാമിലി മാന്‍ സീസണ്‍ 2നും നേരിടേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

Scroll to load tweet…

അതേസമയം ഫാമിലി മാന്‍ സിരീസിന്‍റെ രണ്ടാം സീസണിനു വേണ്ടി ആരാധകരുടെ ഏറെ നാളായിട്ടുള്ള കാത്തിരിപ്പുണ്ട്. ഫെബ്രുവരി 12ന് പ്രീമിയര്‍ ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന സീസണിന്‍റെ റിലീസ് നീട്ടിവച്ചിരിക്കുകയായിരുന്നു. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് 'ഫാമിലി മാനി'ലെ പ്രധാന കഥാപാത്രം. മനോജ് ബാജ്‍പേയ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സാമന്തയുടെ ആദ്യ വെബ് സിരീസ് ആണ് ഇത്.