പ്രതികരണവുമായി സായ്‍കുമാറിന്റെ മകള്‍ രംഗത്ത്.
അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്തെത്തിയ താരമാണ് നടൻ സായ്കുമാറിന്റെ മകൾ വൈഷ്ണവി സായ്കുമാർ. സായ്കുമാറിന്റെ ആദ്യ വിവാഹത്തിലെ മകളാണ് വൈഷ്ണവി. സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെയാണ് സായ് കുമാർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെങ്കിൽ മിനിസ്ക്രീനിലെ വില്ലത്തിയായി വൈഷ്ണവിയും തിളങ്ങി. കൈയ്യെത്തും ദൂരത്ത് പരമ്പരയിലൂടെയാണ് വൈഷ്ണവി അഭിനയ രംഗത്തെത്തുന്നത്. പിന്നീട് പല നിരവധി സീരിയലുകളുടെ ഭാഗമാകുകയും ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യമായി മാറുകയും ചെയ്തു.
തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന എഐ ചിത്രത്തിനും വാര്‍ത്തകള്‍ക്കുമെതിരെയാണ് വൈഷ്ണവി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഈ ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല വന്നതെന്നും തന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ലെന്നും വൈഷ്ണവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
''നമസ്കാരം, ഞാൻ വൈഷ്ണവി സായിക്കുമാർ, എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എ ഐ ഇമേജിന്റെ പേരിൽ കുറച്ച് ദിവസമായി എന്റെ കുടുംബത്തിനെ കുറിച്ചും എന്റെ അച്ഛനെയും അമ്മയേയും കുറിച്ചും എന്നെയും എന്റെ ജീവിതത്തെ കുറിച്ചുമുള്ള പല പോസ്റ്റുകളും കാണുന്നു. എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ലാ. എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്റെ ഇന്‍സ്റ്റഗ്രാം ഐഡി- iam_vaishnavisaikumar_official ആണ്. ദയവു ചെയ്ത് എന്റെ പേഴ്സണല്‍ ലൈഫ് മാറ്റേഴ്സ് പബ്ലിക്കിലേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസ്സിലുള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലുടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല... ദയവായി ഞങ്ങളെ വെറുതെ വിടൂ'', വൈഷ്ണവി കുറിച്ചു.
