ആരാധകരെ ആകാംക്ഷയിലാക്കിക്കൊണ്ട് വിജയകരമായി മുന്നേറുന്ന വാനമ്പാടി പരമ്പര 531 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ പത്മിനിയുടെ മൂടുപടം അനുമോള്‍ക്കുമുന്നിലും അഴിഞ്ഞുവീഴുകയാണ്. സത്യങ്ങള്‍ മനസ്സിലാക്കിയ അനുമോള്‍ ഇനിയെങ്ങനെയാവും പത്മിനിയോട് പെരുമാറുക എന്ന രീതിയിലാണ് നിലവില്‍ കഥാഗതി മുന്നോട്ടുപോകുന്നത്. അനുമോളും മഹിയും സ്വാമിയും പത്മിനി ആശ്രമത്തിലേക്കെത്തുന്നത് കാത്തിരിക്കുന്നിടത്താണ് ഉദ്യോഗജനകമായി കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചത്.

ആശ്രമത്തില്‍ അര്‍ച്ചന ഐശ്വര്യമോളോടെന്നപോലെ സ്‌നേഹവായ്പ്പുകളാല്‍ തംബുരുവിനെ മൂടുകയാണ്. തന്റെ കുട്ടി മടങ്ങിയെത്തിയെന്ന കൗതുകത്തില്‍തന്നെയാണ് അര്‍ച്ചന. എന്നാല്‍ മകളെന്നപോലെ പെരുമാറുന്ന തംബുരുമോള്‍ക്ക് പിണയുന്ന രസകരമായ അബദ്ധങ്ങള്‍ പരമ്പരയ്ക്ക് മാറ്റേകുകയാണ് ചെയ്യുന്നത്. അതേസമയം പത്മിനി ആശ്രമത്തിലെത്തുമ്പോള്‍ എത്തരത്തിലാണ് പത്മിനി മഹിയോടും മറ്റും പെരുമാറുക. പത്മിനിയുടെ വരവ് അര്‍ച്ചനയുടെ മാനസികനിലയെ എങ്ങനെയാണ് ബാധിക്കുക എന്നതെല്ലാമാണ് ആശ്രമത്തിലുള്ളവേയും അനുമോളെയും അലട്ടുന്ന വിഷയങ്ങള്‍.

ആശ്രമത്തിലെത്തിയ പത്മിനി, അനുമോളും മഹിയും നില്‍ക്കുന്നത് കാണുകയും കാണുകയും അനുമോളോട് ശകാരിക്കുകയും തംബുരുവിനേയും കൂട്ടി കാറില്‍ കയറിയിരിക്കാന്‍ ആവശ്യപ്പെടുകയുമാണ്. മോഹന്‍ ആശ്രമത്തിലില്ല എന്നു മനസ്സിലാക്കുന്ന പത്മിനി അതിനും പ്രശ്‌നമുണ്ടാക്കുകയാണ്. അതിനുശേഷം രംഗത്തുനിന്നും പോകുന്ന അനുമോള്‍ മഹിയുടേയും പത്മിനിയുടേയും സംസാരം മാറിനിന്നുകൊണ്ട് കേള്‍ക്കുകയും പരമ്പരയിലെ മറ്റൊരു ട്വിസ്റ്റ് വികാരപരമായി ഉള്‍ക്കൊള്ളുകയുമാണ്. 'തംബുരുമോള്‍ നിന്റെ മാത്രം കുട്ടിയല്ലല്ലോ, എന്റെ കൂടെ മകളല്ലെ' എന്ന മഹിയുടെ ചോദ്യം അനുമോള്‍ കേള്‍ക്കുന്നത് കഥാഗതിയില്‍ പുത്തന്‍ ആകാംക്ഷകള്‍ സൃഷ്‍ടിക്കുകയാണ്. തംബുരുമോള്‍ തന്റെ അച്ഛന്റെ മകളല്ല എന്നറിയുന്ന അനുമോള്‍ പൊട്ടിക്കരയുന്ന രംഗം പരമ്പരയുടെ ആരാധകരുടെ കരളലിയിക്കുന്നതാണ്.

പുലി പോലെ വന്നത് എലിപോലെ പോയി എന്നുപറയുന്നതുപോലെ പത്മിനി മഹിയുടേയും സ്വാമിയുടേയും ശകാരങ്ങളും സമാധാനിപ്പിക്കലുകളും കേട്ടുകൊണ്ട് മടങ്ങിപ്പോകുകയാണ്. പത്മിനി കാറിലേക്കെത്തുമ്പോള്‍ അടുത്തുചെന്ന് അനുമോള്‍ പത്മിനിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന നേരത്ത് അനുമോളോടും പത്മിനി കയര്‍ക്കുകയാണ്. മഹിയും പത്മിനിയും നടത്തിയ സംഭാഷണങ്ങള്‍ മനസിലോര്‍ത്തുകൊണ്ട് അനുമോള്‍ പല്ലിറുക്കി നില്‍ക്കുന്നിടത്താണ് ആകാംക്ഷ ബാക്കിയാക്കി പുതിയ എപ്പിസോഡ് അവസാനിക്കുന്നത്.

സത്യങ്ങള്‍ മനസ്സിലാക്കിയ അനുമോള്‍ ഇനി എത്തരത്തിലാകും പത്മിനിയോട് പെരുമാറുക എന്നതറിയാന്‍ ഇനി തിങ്കളാഴ്‍ചവരെ കാത്തിരുന്നേ മതിയാകൂ.