പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഫ്രാൻസ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. ഹിസ്ബുള്ളയുടെ ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ലെബനനിൽ കരയുദ്ധത്തിന് മുതിരരുതെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി

പാരിസ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതിനായി റഫാൽ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും എയർ റഡാറുകളും വിന്യസിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് നാവികസേനയുടെ അഭിമാനമായ 'ചാൾസ് ഡി ഗാൾ' എന്ന വിമാനവാഹിനിക്കപ്പൽ മെഡിറ്ററേനിയൻ കടലിലേക്ക് അയച്ചതായി മാക്രോൺ സ്ഥിരീകരിച്ചു. ഖത്തർ, കുവൈത്ത്, യുഎഇ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളുമായി ഫ്രാൻസിന് പ്രതിരോധ കരാറുകളുണ്ടെന്നും ഈ രാജ്യങ്ങളോട് രാജ്യം ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ പുനരാരംഭിച്ച സാഹചര്യത്തിൽ, ഇസ്രായേലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ഇതോടൊപ്പം ലെബനനിലേക്ക് കരയുദ്ധത്തിന് മുതിരരുതെന്ന് ഇസ്രായേലിന് ഇമ്മാനുവേൽ മാക്രോൺ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എന്നിവരുമായി ചർച്ച നടത്തി. ഇറാൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ സഹകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു. റഷ്യൻ ആക്രമണങ്ങളെ നേരിട്ട് കഴിഞ്ഞ നാല് വർഷമായി ഡ്രോണുകളെയും മിസൈലുകളെയും തകർക്കുന്നതിൽ യുക്രെയ്ൻ നേടിയ വലിയ പരിചയസമ്പത്ത് പശ്ചിമേഷ്യയിൽ പങ്കുവെക്കാമെന്നാണ് സെലെൻസ്‌കി വാഗ്ദാനം ചെയ്തത്.