പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയായ വാനമ്പാടി പിരിമുറുക്കങ്ങളിലേക്ക് നീങ്ങുകയാണ്. തംബുരുമോളുടെ യഥാര്‍ത്ഥ അച്ഛനായ മഹി ശ്രീമംലത്ത് എത്തിയതുമുതല്‍ കഥ വന്‍ വഴിത്തിരിവിലാണ്. മഹിയും അര്‍ച്ചയും തംബുരുവിനെ ചോദിച്ചാല്‍ മകളെ വിട്ടുകൊടുക്കാതിരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് മോഹന്. എന്നാല്‍ എന്തുവന്നാലും മകളെ വിട്ടുകൊടുക്കില്ല എന്നാണ് പത്മിനി പറയുന്നത്. പെറ്റമ്മയുടെ മുഴുവന്‍ സങ്കടങ്ങളും നെഞ്ചിലേറ്റിയാണ് പത്മിനി കഥാഗതിയെ മാതൃത്വത്തിന്റെ വഴിയിലേക്കെത്തിക്കുന്നത്. തംബുരു മഹിയുടെ മകളാണ് എന്നറിഞ്ഞിട്ടും വിട്ടുകൊടുക്കാതിരുന്നാല്‍, തന്റെ മകളെ തനിക്ക് കിട്ടാതാകുമോ എന്നാണ് മോഹന്റെ ആവലാതി.

തംബുരുവിനെ വിട്ടുകൊടുക്കാന്‍ സമ്മതിക്കരുത് എന്നാണ് മോഹനോട് അനുമോള്‍ പറയുന്നത്. എന്നാല്‍ അനുമോളുടെ സമാധാനിപ്പിക്കലൊന്നും മോഹനെ ഭയപ്പാടില്‍നിന്നും അകറ്റുന്നില്ല. അതേസമയം നിര്‍മ്മല വല്ല്യമ്മയും, ചന്ദ്രേട്ടനും മഹിയുടെയും കുടുംബത്തിന്റേയും വരവില്‍ വല്ലാത്ത സംശയം തോന്നുന്നുണ്ട്. എന്നാല്‍ അതൊക്കെ അസ്ഥാനത്താണെന്നാണ് മോഹന്‍ പറയുന്നത്.  ശ്രീമംഗലംവീടാകെ ആഘോഷത്തിന്റെ തിമിര്‍പ്പിലാണ്. പൂക്കുറ്റികളും കമ്പിത്തിരികളുമായി എല്ലാവരും ആഘോഷചുറ്റുപാടിലാണ്. മഹി വന്നതിന്റെ ആഘോഷമാണ് വീടാകെ നിറഞ്ഞുനില്‍ക്കുന്നത്. തംബുരുവിനെ സന്തോഷിപ്പിക്കുകയാണ് മഹിയുടേയും അര്‍ച്ചനയുടേയും ലക്ഷ്യം.

എന്നാല്‍ മൂവര്‍സംഘം ആകെ വിഷമത്തിലാണ്. പത്മിനിയും ഡാഡിയും മമ്മിയും തംബുരുവിനെ വിട്ടുകൊടുക്കേണ്ടിവരുമെന്ന ചിന്തയിലാണുള്ളത്. ആഘോഷത്തിലൊന്നും അവര്‍ പങ്കുചേരുന്നില്ല. എന്നാല്‍ അര്‍ച്ചന പത്മിനിയുടെ മുറിയിലേക്കുചെന്ന് പത്മിനിയെ ഡാന്‍സുകളിക്കാന്‍ ക്ഷണിക്കുകയാണ്. ക്ഷണിക്കുന്നു എന്നതിനെക്കാള്‍ ഭീഷണി മുഴക്കുന്നു എന്നുവേണം പറയാന്‍. അതേസമയം മോഹനും അനുമോളും പാട്ടുപാടാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിവൃത്തിയില്ലാതെ ഡാന്‍സുചെയ്യാനായി ഒരുങ്ങാന്‍ വരുന്ന പത്മിനിയോട് അര്‍ച്ചന വളരെ ദേഷ്യത്തോടെയാണ് പെരുമാറുന്നത്. ഇനിയുംതന്നെ ഉപദ്രവിക്കരുത് എന്ന് കണ്ണീരോടെ പറയുന്ന പത്മിനിയുടെ വാക്കുകള്‍ അര്‍ച്ചന മുഖവിലയ്‌ക്കെടുക്കുന്നില്ല.

ഡാന്‍സുകഴിഞ്ഞ് പെട്ടിക്കരഞ്ഞുകൊണ്ട് പത്മിനി റൂമിലേക്ക് പോവുകയാണ്. കാലങ്ങളായി ആരുമറിയാതെ ഒളിപ്പിച്ചുവച്ച തന്റെ കഴിവ് പുറത്തായതിന്റെ ആനന്ദക്കണ്ണീരാണ് പത്മിനിക്കെന്ന് പറഞ്ഞ്, അര്‍ച്ചന പത്മിനിയുടെ പിന്നാലെ റൂമിലേക്ക് പോവുകയാണ്. അവിടെ പിന്നെയും അവര്‍തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കുന്നുണ്ട്. എല്ലാം തീരുമാനിച്ചുറപ്പിച്ച പോലാണ് അര്‍ച്ചന സംസാരിക്കുന്നത്. സങ്കടക്കണ്ണീരിന്റെ കയത്തിലാണ് മൂവര്‍സംഘങ്ങളുമുള്ളത്. തംബുരുവിനെ കൊണ്ടുപോകരുത് എന്നുപറഞ്ഞ് പത്മിനി അര്‍ച്ചനയുടെ കാല്‍ക്കല്‍ വീഴുന്നുണ്ടെങ്കിലും അര്‍ച്ചന കുലുങ്ങുന്നില്ല.

പുതിയ എപ്പിസോഡില്‍ അര്‍ച്ചന വീട്ടിലെ എല്ലാ കാര്യങ്ങളുടേയും നിയന്ത്രണം ഏറ്റെടുക്കുന്നു എന്ന രീതിയിലാണ് പെരുമാറുന്നത്. വീട്ടില്‍ വിളക്കുവയ്ക്കുന്നതും മറ്റും അര്‍ച്ചനയാണ്. അതെല്ലാംകണ്ട് നിര്‍മ്മല വല്ല്യമ്മയ്ക്ക് വളരെയധികം സംശയങ്ങള്‍ തോനുന്നുണ്ട്. തംബുരുവിനെ കൊണ്ടുപോകും എന്നുറപ്പിച്ച ദിവസത്തില്‍ പത്മിനി അര്‍ച്ചനയുടെ മുറിയിലെത്തി പണ്ടത്തെ കുറ്റങ്ങള്‍ ഏറ്റുപറയുകയാണ്. എന്നാല്‍ തംബുരുവിനെ കൊണ്ടുപോകരുതെന്നോ മറ്റോ പത്മിനി പറയുന്നില്ല. രാവിലെതന്നെ ബ്രേക്ക്ഫാസ്റ്റുപോലും കഴിക്കാതെ അര്‍ച്ചനയും മഹിയും മഹേശ്വരിയമ്മയും ശ്രീമംഗലത്തുനിന്നു പോവുകയാണ്. അതുപോലെ തംബുരുവിന് പുതിയ ഉടുപ്പും മറ്റും വാങ്ങിനല്‍കി തംബുരുവിനേയുംകൂട്ടിയാണ് പോകുന്നത്. അങ്ങനെ അവര്‍ പോകാന്‍ തുടങ്ങുന്നിടത്താണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്. പ്രേക്ഷകര്‍ ആകാംഷയുടെ മുകളിലാണ് നില്‍ക്കുന്നത്. തംബുരുമോള്‍ ശ്രീമംഗലത്തുനിന്നും പോകുമോ, അതോ ഇന്നുതന്നെ മടങ്ങിയെത്തുമോ എന്നത് ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. തംബുരു ശ്രീമംഗലം വിട്ടുപോകില്ല എന്നു തന്നെയാണ് പ്രേക്ഷകര്‍ വിശ്വസിക്കുന്നതും, ആഗ്രഹിക്കുന്നതും. എന്താകും എന്നറിയാന്‍ അടുത്ത ദിവസത്തെ ഭാഗത്തിനായി കാത്തിരിക്കാം.