പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ വാനമ്പാടി ആകാംക്ഷ മുറ്റുന്ന രംഗങ്ങളിലൂടെയാണ് മുന്നേറുന്നത്. വീട്ടിലേക്ക് അവിചാരിതമായെത്തിയ വാസു അണ്ണന്‍ വീട്ടിലാകെ സംശയം നിറയ്ക്കുകയാണ്. വാസു വീട്ടിലെത്തി നിര്‍മ്മലയോടും ചന്ദ്രനോടും സംസാരിക്കുമ്പോള്‍, അവിചാരിതമായി മഹിയെപ്പറ്റി സംസാരിക്കുകയാണ് നിര്‍മ്മല. എന്നാല്‍ മഹിയേയും മഹേശ്വരി അമ്മയേയും അറിയില്ലെന്ന് വാസു പറയുന്നു. എന്നാല്‍ കാലങ്ങളായി മേനോന്റെ വീട്ടില്‍ കാര്യസ്ഥനായി നിന്നിട്ടും മേനോന്റെ സഹോദരിയെ അറിയില്ലായെന്നത് നിര്‍മ്മലയ്ക്കും ചന്ദ്രനും സംശയം വളര്‍ത്തുകയാണ്. കൂടാതെ പെട്ടെന്നുള്ള മേനോന്റെ ഇടപെടലും, വാസുവിനെ ശ്രീമംഗലത്തുനിന്ന് മാറ്റിയതുമെല്ലാം സംശയം ഉണര്‍ത്തുകയാണ്.

അതേസമയം മോഹന്‍ അപകടത്തിന്റെ സത്യങ്ങളറിഞ്ഞെന്നത് ഇതുവരേയും പത്മിനി അറിയുന്നില്ല. പത്മിനി വാസു വന്ന് പെട്ടെന്ന പോയത് ചര്‍ച്ചചെയ്യുകയാണ്. നമ്മളറിയാത്ത എന്തോ സത്യങ്ങള്‍ വാസുവും ഡാഡിയും മറച്ചുവയ്ക്കുന്നുണ്ടെന്ന് അവര്‍ക്കും തോന്നുകയാണ്. അങ്ങോട്ട് കടന്നുവരുന്ന തംബുരുമോള്‍ പത്മിനിയോട് മോഹന്‍ വിളിച്ചിരുന്നോ എന്ന് ചോദിക്കുന്നു. മോഹന്‍ എന്നെ വിളിക്കാറില്ലല്ലോ, മോഹന് എന്നോട് ദേഷ്യമല്ലെ എന്നാണ് പത്മിനി പറയുന്നത്. മുത്തശ്ശനും മുത്തശ്ശിയും പറയുന്നത് കേള്‍ക്കുന്നതാണ് ഡാഡിക്ക് മമ്മിയോടുള്ള പിണക്കമെന്നും, ഇവരെ ഇവരുടെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇവിടെയുള്ളുവെന്നും തംബുരു പറയുന്നു. ഇതെല്ലാം അനു പറഞ്ഞുതന്നതല്ലെ എന്ന് ചോദിക്കുമ്പോള്‍, ഞാന്‍ കൊച്ചുകുട്ടിയെന്നുമല്ലെന്നും ഇവിടെ നടക്കുന്നതെല്ലാം അറിയാനും മനസ്സിലാക്കാനും എനിക്കറിയാമെന്നുമാണ് തംബുരു പറയുന്നത്.

ഡാഡിയും മമ്മിയുമല്ലെ ശരിക്കുള്ള പ്രശ്‌നമെന്ന് പത്മിനിയും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ആപത്ഘട്ടത്തില്‍ അത് എത്രമാത്രം നല്ലതാണെന്ന് പത്മിനി അറിയുന്നുമില്ല. അതേസമയം അനുമോളോട് നടന്ന കാര്യങ്ങളെല്ലാം തംബുരു പറയുന്നുണ്ട്. എന്നാല്‍ അനുമോള്‍ക്ക് യാതൊരു സന്തോഷവും വരുന്നില്ല. മോഹന്‍ വരാത്തത്തിന്റെ സങ്കടത്തിലാണ് അനുമോള്‍.

മോഹന്‍ പൊലീസുകാരന്‍ തോമസുമായി സംസാരിക്കുന്നുണ്ട്. മോഹന്റെ മകളെ കണ്ടെത്താന്‍ താന്‍ ആത്മാര്‍ത്ഥമായി അന്വേഷിക്കുമെന്നാണ് തോമസ് പറയുന്നത്. അനുഗ്രഹ എന്നു പേരുള്ള കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പോലീസുകാരന്‍ പറയുന്നു. എന്നാല്‍ തന്നെ കല്ല്യാണി ചതിച്ചതാണോ എന്നാണ് മോഹന്‍ സംശയിക്കുന്നത്. തന്റെ കുട്ടിക്കെന്നുപറഞ്ഞ് കല്ല്യാണി വാങ്ങിയ പണമെല്ലാം വെറുതെ പറ്റിച്ചതാണെന്നാണ് മോഹന്‍ കരുതുന്നത്. എങ്ങനെയെങ്കിലും നന്ദിനിയുടെ ഘാതകനെ കണ്ടെത്താനും, നന്ദിനിക്ക് നീതി വാങ്ങിക്കൊടുക്കണമെന്നും മോഹന്‍ ശരിക്കും ചിന്തിക്കുകയാണ്.

മേനോന്‍ വാസുവിനെ തിരിച്ച് വിട്ടതിനുശേഷം വീട്ടിലെത്തി അപകടം വീണ്ടും പ്രശ്‌നമാകുന്നതിനെപ്പറ്റി പറയുകയാണ്. എന്നാല്‍ ഒന്നും മോഹന്‍ മുഖാന്തിരമാണന്ന് പറയുന്നുമില്ല. പത്മിനി കരുതുന്നത് കല്ല്യാണി നമ്മുടെ പണം വാങ്ങി, അത് കഴിഞ്ഞപ്പോള്‍ വീണ്ടും നമുക്കെതിരെ തിരിയുകയാണെന്നാണ്. തംബുരു മേനോന്റെ ചിത്രം വരയ്ക്കുന്നതുകണ്ട് മേനോന്‍ സന്തോഷംകൊണ്ട് കണ്ണീരൊഴുക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ സത്യങ്ങളെല്ലാം അറിയിക്കുമ്പോള്‍ എന്താകും അവസ്ഥ എന്നും ചിന്തിക്കുന്നുണ്ട്. ജയനെ വിളിച്ച് കേസ് കുത്തിപ്പൊക്കിയ കാര്യം വീട്ടില്‍ പറഞ്ഞെന്നും, എന്നാല്‍ മോഹനാണ് എല്ലാത്തിനും പിന്നിലെന്ന് പറഞ്ഞില്ലെന്നും പറയുന്നു. മോഹന്‍ മകളെ കണ്ടെത്തരുത് എന്ന ചിന്ത മൂവര്‍സംഘത്തിന് ബലമായിത്തന്നെയുണ്ട്.

അപ്പോഴാണ് മോഹന്‍ ശ്രീമംഗലത്ത് എത്തുന്നത്. നിര്‍മ്മലയും ചന്ദ്രനും പോയതിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങളൊന്നും മോഹന്‍ വിട്ടുപറയുന്നില്ല. അതിനുശേഷം മോഹന്‍ മേനോന്റെ മുറിയിലേക്ക് ചെന്ന് മേനോനുമായി സംസാരിക്കുന്നുണ്ട്. ഓരോ പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ലെന്നും, എല്ലാം തുടങ്ങാന്‍ പോകുന്നേയുള്ളുവെന്നും മോഹന്‍ പറയുന്നു. അതെല്ലാം കേട്ട് മേനോന്റെ ചങ്കിടിപ്പ് വര്‍ദ്ധിച്ചുവരുന്നുണ്ട്. മോഹന്‍ കുത്തിയാണ് സംസാരിക്കുന്നതെന്ന് മേനോന്‍ മനസ്സിലാക്കുന്നുണ്ട്. എന്നാലും മോഹന്റെ മുന്നില്‍ മേനോന്‍ നല്ല രീതിയില്‍ത്തന്നെ അഭിനയിക്കുന്നുണ്ട്. അതുപോലെതന്നെയാണ് മോഹന്‍ പത്മിനിയോടും സംസാരിക്കുന്നത്. മോഹന്റെ ഒളിയമ്പുകള്‍ പത്മിനിക്ക് മനസ്സിലാകുന്നില്ല. മനസ്സിലാക്കാതെ ഒളിയമ്പുകള്‍ അയയ്ക്കുന്നതിന്റെ സന്തോഷം മോഹന്‍ അനുഭവിക്കുന്നുമുണ്ട്.

തംബുരുമോള്‍ക്ക് സമ്മാനം കൊണ്ടുവന്നുതരാം എന്നു പറഞ്ഞാണ് മോഹന്‍ യാത്ര പോയത്. എന്നാല്‍ യാത്ര കഴിഞ്ഞുവന്ന മോഹനോട് തംബുരു സമ്മാനം ചോദിക്കുമ്പോള്‍ മോഹന്‍ കൊമലര്‍ത്തുകയാണ്. അച്ഛന്‍ മോള്‍ക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചത് ജീവനുള്ള ഒരു സമ്മാനമാണെന്നും ഇത്തവണ അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മോഹന്‍ പറയുന്നു. ഏതായാലും ഞാന്‍ ആ സമ്മാനം കൊണ്ടുവന്ന് തരികതന്നെ ചെയ്യുമെന്നും, അനുമോള്‍ക്കും തംബുരുമോള്‍ക്കും അത് ഇഷ്‍ടമാകുമെന്നും മോഹന്‍ പറയുന്നുണ്ട്. അത് എന്ത് സമ്മാനമാണെന്നറിയാതെ തംബുരു കുഴങ്ങുകയും, കാര്യങ്ങളെല്ലാമറിയുന്ന അനുമോള്‍ ആകെ ധര്‍മ്മസങ്കടത്തിലാവുകയുമാണ് ചെയ്യുന്നത്. വിശേഷങ്ങള്‍ ചോദിക്കുന്ന ചന്ദ്രനോട്, നന്ദിനിയുടേത് കൊലപാതകമായിരുന്നെന്നും, മറ്റുമുള്ള കാര്യങ്ങള്‍ മോഹന്‍ പറയുകയാണ്. അതുകേട്ടുനില്‍ക്കുന്ന ചന്ദ്രനെ കാണിച്ചാണ് പുതിയ ഭാഗം അവസാനിക്കുന്നത്. ശ്രീമംഗലത്ത് ഇനി പൊട്ടിത്തെറികള്‍ നടക്കാന്‍ പോകുന്നേയുള്ളു. അത് മഹിയും അര്‍ച്ചനയും ശ്രീമംഗലത്ത് ഉണ്ടാക്കിയ കോലാഹലം പോലെയാകില്ല. പത്മിനിയും കുടുംബവും ഇനി ശ്രീമംഗലത്തുണ്ടാകുമോ, അതോ ജയിലിലാകുമോ എന്നതെല്ലാം കണ്ടറിയാം.