ശരത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ചീപ് വീഡിയോ തെളിയിക്കുന്നത് വിശാല്‍ വളര്‍ന്നു വന്ന സാഹചര്യമാണെന്നും ട്വിറ്ററിലൂടെ പങ്കുവച്ച കത്തിലൂടെ വരലക്ഷ്മി തുറന്നടിച്ചു
ചെന്നൈ: തമിഴ് നടൻ വിശാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി വരലക്ഷ്മി. തമിഴ് സിനിമാ താരസംഘടനയായ നടികര്‍ സംഘത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ക്യാമ്പയിന്‍ വീഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് വരലക്ഷ്മി വിശാലിനെ വിമർശിച്ച് രംഗത്തെത്തിയത്. ശരത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ചീപ് വീഡിയോ തെളിയിക്കുന്നത് വിശാല്‍ വളര്‍ന്നു വന്ന സാഹചര്യമാണെന്നും ട്വിറ്ററിലൂടെ പങ്കുവച്ച കത്തിലൂടെ വരലക്ഷ്മി തുറന്നടിച്ചു.
‘പ്രിയപ്പെട്ട വിശാൽ, പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ നിങ്ങളുടെ നിലവാരത്തകര്‍ച്ച കണ്ട് എനിക്ക് ഞെട്ടലും വിഷമവും ഉണ്ടായി. നിങ്ങളോട് എനിക്കുണ്ടായിരുന്ന എല്ലാ ബഹുമാനവും ഇതോടെ നഷ്ടമായി. നിയമമാണ് ഏറ്റവും വലുതെന്ന് നിങ്ങള്‍ പറയുന്നു. ആ നിയമപ്രകാരം കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതൻ നിരപരാധിയാണ്. ഒരാൾ കുറ്റകാരനാണെന്ന് തെളിഞ്ഞാൻ അദ്ദേഹത്തെ ശിക്ഷയ്ക്ക് വിധേയനാക്കണം.
നിങ്ങള്‍ പുണ്യാളന്‍ ചമയേണ്ട. നിങ്ങളുടെ ഇരട്ടത്താപ്പുകളും നുണകളും ഇന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍ നിങ്ങളുടെ പക്ഷമായ പാണ്ഡവരില്‍ നിന്ന് പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക്.
ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. നിങ്ങള്‍ നേടിയത് എന്താണോ അത് ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ എടുക്കേണ്ടതിനു പകരം വളരെ തരംതാഴ്ന്ന ക്യാമ്പയിന്‍ ആണ് നിങ്ങള്‍ ഉപയോഗിച്ചത്. നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ പറയാറുള്ളത് പോലെ സത്യം നടപ്പാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടപ്പെടുത്തിയിരിക്കുന്നു,’ വരലക്ഷ്മി ട്വിറ്ററിൽ കുറിച്ചു. അതേസമയം വരലക്ഷ്മിയുടെ ആരോപണങ്ങള്‍ക്കെതിരെ വിശാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വരലക്ഷ്മിയും വിശാലും പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു. നടികര്‍സംഘം തെരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറും വിശാലും രണ്ട് പക്ഷത്തായിരുന്നു. അന്ന് വിശാലിനെയായിരുന്നു വരലക്ഷ്മി പിൻതുണച്ചത്. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. എന്നാൽ താന്‍ ഉടൻ വരലക്ഷ്മിയെ വിവാഹം ചെയ്യുമെന്ന വിശാലിന്റെ അപ്രതീക്ഷിതമായി പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് പ്രണയബന്ധം തകരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വിശാലും ശരത് കുമാറും തമ്മിലുള്ള വിരോധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നടികർ സംഘത്തിന്റെ ഫണ്ട് ശരത്കുമാറും രാധാരവിയും ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് വിശാല്‍ ഇരുവര്‍ക്കുമെതിരെ പരാതി നൽകിയിരുന്നു. 2015-ല്‍ നാസറിന്റെ നേതൃത്വത്തിലുള്ള വിശാലിന്റെ ടീമാണ് നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്. നടികര്‍ സംഘത്തിന്റെ പുതിയ അധ്യക്ഷനേയും മറ്റ് അംഗങ്ങളേയും തെരഞ്ഞെടുക്കാനുള്ള ഇത്തവണത്തെ ഇലക്ഷന്‍ ജൂണ്‍ 23-നാണ് നടക്കുന്നത്.
