ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പേര് പ്രഖ്യാപിച്ചത്. ആർആർആറിന് ശേഷമുള്ള ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായും പ്രിയങ്ക ചോപ്ര നായികയായും എത്തുന്നു. 1000 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിന് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. SSMB29 എന്നായിരുന്നു ചിത്രത്തിന്റെ താത്കാലിക പേര്. ഇപ്പോഴിതാ സിനിമയുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'വാരണാസി' എന്നാണു ചിത്രത്തിന്റെ പേര്. ഇന്ന് ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം.
ചടങ്ങിൽ നിന്നുള്ള ടൈറ്റിൽ ലോഞ്ച് ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉടൻ തന്നെ മഹേഷ് ബാബുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ കുംഭ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കൂടാതെ നായികയായി എത്തുന്ന പ്രിയങ്ക ചോപ്രയുടെയും പുറത്തുവന്നിരുന്നു.
അക്കാദമി പുരസ്കാരം നേടിയ ആർആർആർ എന്ന സിനിമയ്ക്ക് ശേഷമുള്ള രാജമൗലി ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകരും തെന്നിന്ത്യൻ പ്രേക്ഷകരും. ചിത്രത്തിന് വേണ്ടി മഹേഷ് ബാബു 200 കോടിയാണ് പ്രതിഫലം വാങ്ങിക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. രാജമൗലിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. 1000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.



