സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത 'വരനെ ആവശ്യമുണ്ട്' ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സില്‍. വരുന്ന തിങ്കളാഴ്‍ചയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. തെലുങ്ക് ചിത്രങ്ങളായ വേള്‍ഡ് ഫേമസ് ലവര്‍, ഭീഷ്‍മ, തമിഴ് ചിത്രം കൊലൈയുതിര്‍ കാലം എന്നിവയും നെറ്റ്ഫ്ളിക്സിന്‍റെ ഏപ്രില്‍ റിലീസുകളാണ്. ഇതില്‍ വേള്‍ഡ് ഫേമസ് ലവര്‍ 15ന് സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍റെ സംവിധായക അരങ്ങേറ്റചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ സ്ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, കല്യാണി പ്രിയദര്‍ശന്‍റെ ആദ്യ മലയാളചിത്രം, ദുല്‍ഖറിന്‍റെ നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്‍റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം തുടങ്ങിയ പ്രത്യേകതകളൊക്കെയുണ്ടായിരുന്നു ഈ സിനിമയ്ക്ക്.

തീയേറ്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 25 കോടി നേടിയിരുന്നു. റിട്ട. മേജര്‍ ഉണ്ണികൃഷ്‍ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്. മകള്‍ക്കൊപ്പം ചെന്നൈയില്‍ താമസിക്കുന്ന നീന എന്ന കഥാപാത്രമായാണ് ശോഭന എത്തിയത്. ശോഭനയുടെ മകളായി കല്യാണിയും.