ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ കൊച്ചി ടൗൺ ഹാളിലേക്ക് മാറ്റും. 11 മണി വരെ ടൗൺഹാളിലെ പൊതുദർശനത്തിൽ ചലച്ചിത്ര പ്രേമികളും സിനിമ സാംസ്കാരിക മേഖലയും അദ്ദേഹത്തിന് അന്തിമ ഉപചാരം അർപ്പിക്കും
കൊച്ചി: അന്തരിച്ച ഇതിഹാസ തിരക്കഥാകൃത്ത് ജോൺപോളിന്‍റെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടക്കും. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ കൊച്ചി ടൗൺ ഹാളിലേക്ക് മാറ്റും. 11 മണി വരെ ടൗൺഹാളിലെ പൊതുദർശനത്തിൽ ചലച്ചിത്ര പ്രേമികളും സിനിമ സാംസ്കാരിക മേഖലയും അദ്ദേഹത്തിന് അന്തിമ ഉപചാരം അർപ്പിക്കും. ചാവറ കൾച്ചറൽ സെന്‍ററിലും മരടിലെ വീട്ടിലെയും പൊതുദർശനത്തിന് ശേഷം 3 മണിയോടെ കൊച്ചി ഇളംകുളത്തെ സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാരം. പൂർണ്ണമായ പൊലീസ് ഗാർഡ് ഓഫ് ഓണറോടെ ആയിരിക്കും സംസ്കാരം.
തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു
ഇന്നലെ ഉച്ചക്ക് 1 മണിയോടെയായിരുന്നു തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചത്. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോളിന്‍റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമായി എത്തി. ജോൺ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോൺ പോളിൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ നടപടി പുരോഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
