'100 കോടിയുടെ പടം, ടിക്കറ്റ് 99 രൂപയ്ക്ക് കൊടുത്തിട്ടും ആരും വരുന്നില്ല'! ഉത്തരേന്ത്യൻ തിയറ്ററുടമ പറയുന്നു
രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ എത്തിയത്
കൊവിഡ് കാലം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ബോളിവുഡ് വ്യവസായം ഇനിയും പൂര്‍ണ്ണമായും കരകയറിയിട്ടില്ല. ഷാരൂഖ് സൃഷ്ടിച്ച വന്‍ വിജയങ്ങള്‍ ഒഴിച്ചാല്‍ മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ പോലും ബോക്സ് ഓഫീസില്‍ നിരനിരയായി വീഴുകയാണ്. കഴിഞ്ഞ വാരം എത്തിയ ചിത്രങ്ങളുടെ സ്ഥിതിയും അത് തന്നെ. അജയ് ദേവ്ഗണിനെ നായകനാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത ഔറോണ്‍ മേം കഹാം ധൂം താ, ജാന്‍വി കപൂര്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധാംശു സരിയ സംവിധാനം ചെയ്ത ഉലഝ് എന്നിവയാണ് കഴിഞ്ഞ വാരാന്ത്യം തിയറ്ററുകളിലെത്തിയത്. രണ്ട് ചിത്രങ്ങള്‍ക്കും മോശം പ്രതികരണമാണ് ലഭിച്ചത്. ഇതില്‍ അജയ് ദേവ്ഗണ്‍ ചിത്രം 100 കോടി ബജറ്റില്‍ ഒരുങ്ങിയതായതിനാല്‍ നിര്‍മ്മാതാക്കള്‍ക്കുണ്ടാവുന്ന ആഘാതവും വലുതാണ്. ഇപ്പോഴിതാ തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഒരു ഉത്തരേന്ത്യന്‍ തിയറ്റര്‍ ഉടമ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.
സൂറത്തിലെ ഫ്രൈഡേ സിനിമ എന്ന മള്‍ട്ടിപ്ലെക്സിന്‍റെ ഉടമ കിരിത്‍ഭായ് ടി വഘാസിയ ബോളിവുഡ് ഹംഗാമയോടാണ് തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിക്കാനായി നിര്‍മ്മാതാക്കളും മള്‍ട്ടിപ്ലെക്സ് ശൃംഖലകളുമൊക്കെ ചേര്‍ന്ന് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് ഇന്ന് സാധാരണമാണ്. ചെറുകിട തിയറ്ററുകാരും സ്വന്തം നിലയ്ക്ക് അത് ചെയ്യാറുണ്ട്. 99 രൂപയ്ക്ക് ടിക്കറ്റ് കൊടുത്തിട്ട് പോലും കാണികളുടെ ഭാഗത്തുനിന്ന് ചിലനമുണ്ടാകുന്നില്ലെന്ന് കിരിത്‍ഭായ് പറയുന്നു. തിയറ്റര്‍ ബിസിനസ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് ടിക്കറ്റ് നിരക്ക് 99 ലേക്ക് ഞാന്‍ കുറയ്ക്കുന്നത്.ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 1.45 ന്‍റെ ഷോയ്ക്ക് 12 പേര്‍ വന്നു. എന്നാല്‍ തിങ്കളാഴ്ച ഒറ്റ നൈറ്റ് ഷോ കളിച്ചില്ല. ഔറോണ്‍ മേം കഹാം ധൂം തായും ഉലഝും കളിച്ചില്ല. രാത്രി 10 മണിക്ക് തിയറ്റര്‍ അടച്ച് ഞങ്ങള്‍ വീട്ടില്‍ പോയി, തിയറ്റര്‍ ഉടമ പറയുന്നു.
കാര്യമായി പ്രതികരണം ലഭിക്കാത്ത രണ്ട് ചിത്രങ്ങള്‍ മാത്രം ഉള്ളതിനാല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്യുന്നതിലെ പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പറയുന്നു. ഉലഝിന്‍റെ ഷോ ഉച്ചയ്ക്ക് ശേഷം 2 മണിക്കും ഔറോണിന്‍റേത് 2.30യ്ക്കും വെക്കും. 2 മണിയുടെ പടം കാണാന്‍ ഒന്നോ രണ്ടോ ആളാവും വരിക. ആളില്ലാത്തതുകൊണ്ട് ഷോ നടക്കില്ലെന്നും 2.30 ന്‍റെ അജയ് ദേവ്ഗണ്‍ പടം കാണാമെന്നും പറയും. ചിലര്‍ അത് സമ്മതിക്കും. അങ്ങനെ 2.30 ന്‍റെ ഷോ നടത്തും. കിരിത്‍ഭായ് പറയുന്നു. മറ്റ് തിയറ്റര്‍ ഉടമകളും സമാന അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും പറയുന്നു അദ്ദേഹം. ഈ മള്‍ട്ടിപ്ലെക്സ് ഉടമയുടെ വാക്കുകള്‍ ബോളിവുഡ് നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് വെളിവാക്കുന്നത്.
ALSO READ : സുധീര്‍ കരമനയ്‍ക്കൊപ്പം പുതുമുഖങ്ങള്‍; 'മകുടി' തിയറ്ററുകളിലേക്ക്