ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. 16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അരനൂറ്റാണ്ട് മുൻപ് കമല്‍ഹാസന്‍, ശ്രീദേവി, രജനീകാന്ത് എന്നീ ഇതിഹാസങ്ങളെ വച്ച് '16 വയതിനിലേ' എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജയുടെ അരങ്ങേറ്റം. അതൊരു മാറി നടത്തമായിരുന്നു. കണ്ട് മറന്ന കഥകളിൽ നിന്ന് ഫ്രെയിമുകളിൽ നിന്ന്. ഈണത്തിലും താളത്തിലും അടിമുടി ന്യൂജെൻ കാലത്തിന്റെ തുടക്കം. മികച്ച സംവിധായകൻ അടക്കം ഒരുപാടി സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ നേടി തെന്നിന്ത്യൻ തിരയുലകിൽ ഭാരതിരാജ ഒരു കസേര വലിച്ചിട്ട് ഇരുന്നു. പിന്നീട് തുടരെ തുടരെ സൂപ്പർഹിറ്റുകളുടെ അമരക്കാരൻ. 78 ല്‍ പുറത്തിറങ്ങിയ ചുകപ്പു റോജാക്കള്‍ ഇന്നും എണ്ണം പറഞ്ഞ സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നാണ്. കിഴക്കേ പോകും റെയില്‍, പുതിയ വാര്‍പ്പുകള്‍, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ, ടിക് ടിക് ടിക് , ഒരു കൈതിയിൻ ഡയറി തുടങ്ങി മെഗാ ഹിറ്റുകളുടെ പട്ടിക. 2020 മീണ്ടും ഒരു മര്യാദൈ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

നല്ല സംവിധായകൻ ഒരു നല്ല നടൻ കൂടിയായിരിക്കുമെന്ന് ഭാരതി രാജ പിന്നീട് തെളിയിച്ചു. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിത്രമ്പലം, മഹാരാജ തുടങ്ങിയ സിനിമകളുടെ പ്രകടനം ഇതിന് അടിവരയിടുന്നു. തുടരും എന്ന തരുൺ മൂർത്തി മോഹൻലാൽ ചിത്രത്തിലും സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ അദ്ദേഹം വിസ്മയിപ്പിച്ചു.

ശിവാജി ഗണേഷൻ മുതൽ ധനുഷ് വരെയുള്ള തലമുറകളോട് ഒരുപോലെ മടുപ്പിതെ ഇടപെടാൻ കഴിഞ്ഞ പ്രതിഭാസം. മകൻ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത മരണം ഭാരതിരാജയെ തളർത്തി. ആ മനോവിഷമം രോഗക്കിടക്കിലാക്കി. അപ്പോഴും ഉള്ളുകൊണ്ട് അടിമുടി സിനിമയായിരുന്നു ഭാരതിരാജയുടെ ജീവനും ജീവിതവും.

പുരാണങ്ങളും ചരിത്രനാടകങ്ങളും പടുകൂറ്റൻ കോട്ടകളും നിറഞ്ഞ തമിഴ് സിനിമയെ വിശാലമായ ഗ്രാമങ്ങളിലേക്ക് മനുഷ്യനിലേക്കും കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണ്‍ പാതയിലേക്കും ചേർന്നുനടക്കാൻ പഠിപ്പിച്ച ഗുരുനാഥൻ. തേനിയിലെ അല്ലിനഗരം എന്ന ദരിദ്രഗ്രാമത്തിൽ നിന്നും ശിവാജിയുടെ പരാശക്തി എന്ന സിനിമ കണ്ട ആവേശത്തിൽ മദിരാശിക്ക് പുറപ്പെട്ടൊരു വെളിച്ചം. പെപ്പും വെള്ളം കുടിച്ചും അല്ലലും അലട്ടലും തൊട്ടുതീണ്ടിയ കാലത്തിനപ്പുറം വിജയം കൊയ്ത മനുഷ്യൻ. എൻ ഇനിയ തമിഴ് മക്കളെ എന്ന വിളിയോടെ തമിഴ് സിനിമയെയും തമിഴ് മക്കളെയും പതിറ്റാണ്ടുകൾ അൻപോടെ കൂപ്പിട്ട ഇതിഹാസത്തിന് വിട.

ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1977 ൽ പതിനാറ് വയതിനിലെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ തുടരും എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററായും ഭാരതിരാജ വേഷമിട്ടിരുന്നു. 2020 ൽ സംവിധാനം ചെയ്ത 'മീണ്ടും ഒരു മര്യാദൈ' എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

YouTube video player