സ്റ്റൈല്‍ മന്നന്റെ ആരാധകര്‍ ആഘോഷത്തോടെ സ്വീകരിച്ച വാര്‍ത്തയായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ളത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിനെ ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വാര്‍ത്തയാണ് ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുന്നത്. ചിത്രം പകര്‍ത്തുന്നത് തമിഴകത്തെ പ്രമുഖ ഛായാഗ്രാഹകൻ വെട്രി പളനിസാമിയെന്ന വെട്രിയാണ് എന്നതാണ് വാര്‍ത്ത.

സിരുത്തൈ ശിവയ്‍ക്കൊപ്പം ഇതിനും മുമ്പ് പ്രവര്‍ത്തിച്ച ഛായാഗ്രാഹകനാണ് വെട്രി. അവയില്‍ മിക്കതും ഹിറ്റുകള്‍. ഇതിനു മുമ്പ് ഏഴ് സിനിമകളാണ് സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ വെട്രി ക്യാമറ ചലിപ്പിച്ചത്. അജിത്ത് നായകനായി സിരുത്തൈ ശിവ സംവിധാനം ചെയ്‍ത വീരം, വേതാളം, വിവേഗം, വിശ്വാസം എന്നീ സിനിമകളുടെയൊക്കെ ഛായാഗ്രാഹകൻ വെട്രിയായിരുന്നു. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ വെട്രി വീണ്ടും ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സ്റ്റൈല്‍ മന്നനാണ് നായകനെന്നതും പ്രത്യേകതയാണ്. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കിയായിരുന്നു സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ ചിത്രം ഒരുക്കിയത്. വിശ്വാസം എന്ന ചിത്രം വലിയ ഹിറ്റുമായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലും നഗര പശ്ചാത്തലത്തിലുമായാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്.  രജനികാന്തിനെ നായകനാക്കിയും സിരുത്തൈ ശിവ ആലോചിക്കുന്നത് ഗ്രാമീണ പശ്ചാത്തലം കൂടി പ്രമേയമാകുന്ന കഥയാണെന്നാണ് റിപ്പോര്‍ട്ട്.