അനൂപ് മേനോന്‍ നായകന്‍

മരട് ഫ്ളാറ്റ് പൊളിക്കലിന്‍റെ പശ്ചാത്തലത്തില്‍ കണ്ണന്‍ താമരക്കുളം (Kannan Thamarakkulam) സംവിധാനം ചെയ്യുന്ന 'വിധി'യുടെ (Vidhi) റിലീസ് തീയതി (Release Date) പ്രഖ്യാപിച്ചു. ന്യൂഇയര്‍ റിലീസ് ആയി ഡിസംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും. നേരത്തെ രണ്ട് തവണ റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍ മരടിലെ പൊളിക്കപ്പെട്ട ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചതോടെ റിലീസ് നീളുകയായിരുന്നു. ആദ്യം 'മരട് 357' എന്നു പേരിട്ടിരുന്ന ചിത്രത്തിന്‍റെ പേര് 'വിധി' എന്നു മാറ്റിയത് കോടതി വിധി പ്രകാരമാണ്.

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്തിന്‍റേതാണ് രചന. ഛായാഗ്രഹണം രവിചന്ദ്രന്‍. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസ്. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. വാര്‍ത്താ പ്രചരണം പി ശിവപ്രസാദ്.