ജയമോഹന്‍റെ ചെറുകഥയെ ആസ്‍പദമാക്കിയുള്ള ചിത്രം
നായകനായെത്തിയ ചിത്രങ്ങളില്‍ പലതും പരാജയപ്പെട്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ വിജയ് സേതുപതിയുടെ താരമൂല്യം മുകളിലേക്കുതന്നെയാണ്. കമല്‍ ഹാസന്‍ നായകനായ വിക്രത്തിന്‍റെ മികവുകളിലൊന്ന് ഫഹദ് ഫാസിലിന്‍റെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങളും പ്രകടനങ്ങളുമായിരുന്നു. വിജയ് സേതുപതിക്ക് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയുടെ പ്രതിഫലനമായിരുന്നു ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ അദ്ദേഹത്തിന് ലഭിച്ച വേഷം. ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ 21 കോടിയാണ് വിജയ് സേതുപതി പ്രതിഫലമായി ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരാനിരിക്കുന്ന പല പ്രോജക്റ്റുകളും അദ്ദേഹത്തിന് പ്രതീക്ഷയുള്ളവയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈയാണ് അതില്‍ ഒന്ന്.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബി ജയമോഹന്‍റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഒരു പുതിയ അപ്ഡേറ്റും ഇന്ന് പുറത്തെത്തി. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആണ് ചിത്രത്തിന്‍റെ വിതരണം എന്നതാണ് അത്. ഈ പ്രഖ്യാപനം സംബന്ധിച്ച് പുതുതായി പുറത്തിറക്കിയ പോസ്റ്ററില്‍ വിജയ് സേതുപതിയുടെ കഥാപാത്രമുണ്ട്. അഭിനേതാക്കളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാറുള്ള വെട്രിമാരന്‍റെ സംവിധാനത്തില്‍ വിജയ് സേതുപതി എങ്ങനെയുണ്ടാവും എന്ന് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

സൂരിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. ആദ്യ ഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായെന്നും രണ്ടാം ഭാഗത്തിന്റേത് 90 ശതമാനം പൂര്‍ത്തിയായെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
