വിദ്യാ ബാലൻ നായികയാകുന്ന പുതിയ സിനിമ ഷെര്‍നി ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കൊവിഡ് കാലത്ത് ചിത്രീകരണരീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും താൻ അതിനായി തയ്യാറെടുക്കുകയാണ് എന്നും വിദ്യാ ബാലൻ പറയുന്നു.

ന്യൂട്ടണ് ശേഷം അമിത് മസുര്‍കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഷെര്‍നി. മാര്‍ച്ചില്‍ തുടങ്ങാനിരുന്ന ചിത്രം ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവയ്‍ക്കേണ്ടി വന്നു. ഒക്ടോബറില്‍ ചിത്രം തുടങ്ങാനാണ് ആലോചിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ വേണം ചിത്രീകരണം എന്ന അവസ്ഥയാണ് ഇപ്പോള്‍. കാട്ടില്‍ ആണ് ഞങ്ങള്‍ സിനിമ ചിത്രീകരിക്കാൻ ആലോചിച്ചത് എന്നത് നല്ല കാര്യമായി. അവിടം സുരക്ഷിതമാണ് എന്ന് കരുതുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു. ഫോറസ്റ്റ് ഓഫീസര്‍ ആയിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏറ്റവും ഒടുവില്‍ വിദ്യാ ബാലൻ അഭിനയിച്ചത് ശകുന്തളാ ദേവി എന്ന സിനിമയിലായിരുന്നു. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവി ആയിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിച്ചത്. ശകുന്തളാ ദേവിയായിട്ടുള്ള വിദ്യാ ബാലന്റെ അഭിനയം ആരാധകര്‍ ഏറ്റെടുത്തിരുന്നു.