കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) മലയാള സിനിമയുടെ സൗന്ദര്യബോധത്തെ മാറ്റിമറിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. മേളയുടെ വളർച്ചയിൽ യുവതലമുറയുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ലയാള സിനിമയുടെ ഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും വലിയ രീതിയിൽ മാറ്റിമറിക്കാൻ കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് സാധിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. ഐഎഫ്എഫ്കെ മീഡിയ സെൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്തും മുൻതലമുറ കൈമാറിയ മൂല്യങ്ങളും നിരൂപകബോധവും സാംസ്കാരിക പൈതൃകവുമാണ് കേരളത്തിന്റെ സിനിമാ സംസ്കാരത്തെ ദിശാബോധത്തോടെ നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവതലമുറയുടെ സജീവ സാന്നിധ്യമാണ് ഐഎഫ്‌എഫ്‌കെയെ വർഷംതോറും കൂടുതൽ ശക്തിപ്പെടുത്തുന്നത്. മേളയുടെ വളർച്ചയിൽ അവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും കെ ജയകുമാർ പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർപേഴ്സൺ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി നായർ, നടി സരയു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തിന്റെ സാംസ്കാരിക പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിന് ഡിജിറ്റൽ ആർക്കൈവ് അത്യാവശ്യമെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പറഞ്ഞു. ഐഎഫ്‌എഫ്‌കെയുടെ സമഗ്രമായ ഒരു ഡിജിറ്റൽ ആർക്കൈവ് സൃഷ്ടിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണം. ഈ മേളയുടെ പൈതൃകം ഭാവിയിലേക്കുള്ള സമ്പത്ത് കൂടിയാണ്. പഴയ കാറ്റലോഗുകൾ ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കുന്നത് ചലച്ചിത്രപ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനം ചെയ്യും. ഈ ഉത്തരവാദിത്തം ചലച്ചിത്ര അക്കാദമി ഏറ്റെടുക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

അതേസമയം, മേളയുടെ 30-ാം പതിപ്പിൻ്റെ ഭാഗമായി നിറശോഭയാർന്ന ബലൂണുകൾ ആകാശത്തേക്ക് പറത്തി. മൂന്ന് ദശാബ്ദങ്ങളിലൂടെയുള്ള ചലച്ചിത്രോൽസവത്തിൻ്റെ സൃഷ്ടിപരതയും സ്വാതന്ത്ര്യവും വൈവിധ്യവും പ്രതിനിധീകരിച്ചുകൊണ്ടാണ് ബലൂണുകൾ പറത്തിയത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്