Asianet News MalayalamAsianet News Malayalam

ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാൻ തയ്യാറായതിന്റെ കാരണം വ്യക്തമാക്കി വിദ്യാ ബാലൻ


എന്തുകൊണ്ടാണ് ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാൻ തയ്യാറായെതെന്ന് പറയുകയാണ് വിദ്യാ ബാലൻ.

Vidya Balan reveals real reason behind taking up role in Indira Gandhis biopic
Author
Mumbai, First Published Aug 29, 2019, 6:04 PM IST

വിദ്യാ ബാലൻ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിട്ടാണ് അടുത്തതായി എത്തുക. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാ ബാലൻ. വെബ് സീരിസിലാണ് വിദ്യാ ബാലൻ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാൻ തയ്യാറായെതെന്ന് പറയുകയാണ് വിദ്യാ ബാലൻ.

കരുത്തുറ്റ സ്‍ത്രീയെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വരിക ഇന്ദിരാ ഗാന്ധിയാണ്. പാര്‍ട്ടിയെ കുറിച്ച് ഒന്നും അറിയാത്തയാളാണ് ഞാൻ. ഒരു രാഷ്‍ട്രീയപാര്‍ട്ടിയുമായി ചേര്‍ന്നും എനിക്ക് ഒന്നും ചെയ്യാനില്ല. ഞാൻ അഭിനയിക്കുന്ന വെബ് സീരിസ് ഒരു രാഷ്‍ട്രീയപാര്‍ട്ടിയെ കുറിച്ചും അല്ല. ഇത് ഒരു വ്യക്തിയെ കുറിച്ചാണ്, പാര്‍ട്ടിക്കപ്പുറത്തെ- വിദ്യാ ബാലൻ പറയുന്നു.  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുക്കിയ മിഷൻ മംഗളാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തില്‍ ഐഎസ്‍ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞയായിട്ടാണ് വിദ്യാ ബാലൻ അഭിനയിച്ചത്. ഇന്ത്യയുടെ വനിതാ ശാസ്‍ത്രജ്ഞയായിട്ടാണ് വിദ്യാ ബാലൻ അടുത്തതായി അഭിനയിക്കുന്നത്. ശകുന്തള ദേവിയുടെ വ്യക്തിപ്രഭാവവും അവരുടെ മഹത്തരമായ ജീവിതവുമാണ് സിനിമയില്‍ അഭിനയിക്കാൻ താൻ തയ്യാറായതിന് കാരണമെന്നും വിദ്യാ ബാലൻ പറയുന്നു. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തില്‍ വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മിഷൻ മംഗളിനു ശേഷം ശകുന്തള ദേവിയായി അഭിനയിക്കാൻ തയ്യാറെടുക്കുന്നതിന് മതിയായ സമയം കിട്ടുമോയെന്ന ആശങ്കയിലാണ് താനെന്ന് വിദ്യാ ബാലൻ നേരത്തെ പറഞ്ഞിരുന്നു. ശകുന്തള ദേവിയായിട്ടുള്ള കഥാപാത്രം രസകരമായ ഒന്നാണ്. കാരണം ഞാൻ ഇഷ്‍ടപ്പെടുന്ന സ്‍ത്രീകളെപ്പോലെയാണ് അവര്‍. ശാസ്‍ത്രജ്ഞരോ ഗണിതശാസ്ത്രജ്ഞരോ ആയി അഭിനയിക്കുന്നതിന് തയ്യാറെടുപ്പുകള്‍ വേണം. പക്ഷേ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയായി അഭിനയിക്കുന്നത് രസകരവുമാണ്. പ്രാഥമിക ഘട്ടമായതിനാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ പറയാനാകില്ല. മികച്ച നര്‍മ്മബോധമുള്ളവരാണ് അവര്‍. അവരെ എനിക്ക് മനസ്സിലാകും, അവരായി അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- വിദ്യാ ബാലൻ പറയുന്നു.

മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്.  എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേക്ക് ശകുന്തള ദേവി എത്തി. ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

ശകുന്തളാ ദേവിയെപ്പോലെയുള്ള കഥാപാത്രമായി വെള്ളിത്തിരയില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്നാണ് വിദ്യാ ബാലൻ പറഞ്ഞിരുന്നത്. സ്വന്തം വ്യക്തിത്വവും സ്ത്രീയുടെ കരുത്തും ഉയര്‍ത്തിപ്പിടിച്ച ആളായിരുന്നു ശകുന്തള ദേവി.  വലിയ വിജയം സ്വന്തമാക്കാൻ അവര്‍ക്കായി. ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാള്‍ അവരായി എത്തുന്നതില്‍ ഉള്ള ആകാംക്ഷയാണ് തനിക്ക് എന്ന് വിദ്യാ ബാലൻ പറഞ്ഞിരുന്നു.

വിദ്യാ ബാലൻ തന്നെയാണ് ശകുന്തള ദേവിയായി അഭിനയിക്കാൻ ഏറ്റവും യോജിച്ചതെന്ന് സംവിധായിക അനു മേനോൻ പറയുന്നു.  കുറച്ചുകാലമായി ചിത്രത്തിന്റെ തിരക്കഥ ജോലിയിലായിരുന്നുവെന്നും അനു മേനോൻ പറയുന്നു. അനു മേനോൻ നയനികയും ഇഷിതയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios