Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് മിഷൻ മംഗളില്‍ അഭിനയിക്കാൻ തീരുമാനിച്ചു; വിദ്യാ ബാലൻ പറയുന്നു

ഐഎസ്ആര്‍ഒയുടെ വിജയകരമായ ചൊവ്വാ  ദൗത്യം സമൂഹവും സിനിമയും എല്ലാം ആഘോഷിക്കേണ്ടതാണ്.

Vidya Balan reveals why she said yes to Mission Mangal immediately
Author
Mumbai, First Published Jul 19, 2019, 11:49 AM IST

ഇന്ത്യയുടെ ചൊവ്വാ  ദൗത്യം പ്രമേയമായി ഒരുങ്ങുന്ന സിനിമയാണ് മിഷൻ മംഗള്‍. അക്ഷയ് കുമാര്‍  നായകനാകുന്ന സിനിമയില്‍ വിദ്യാ ബാലനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം പറയുകയാണ് വിദ്യാ ബാലൻ.

ഐഎസ്ആര്‍ഒയുടെ വിജയകരമായ ചൊവ്വാ  ദൗത്യം സമൂഹവും സിനിമയും എല്ലാം ആഘോഷിക്കേണ്ടതാണ്. കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്‍ടമായി. അക്കഥ പറയേണ്ടതുതന്നെയാണ് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സാധാരണ നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ നേട്ടം അങ്ങനെ ആഘോഷിക്കാറില്ല. എന്തായാലും നമ്മുടെ രാജ്യം എത്രമഹത്തരമാണെന്ന് ബോധ്യപ്പെടുത്തുന്ന കൂടുതല്‍ സിനിമകള്‍ ഉണ്ടാകുന്നതില്‍ ഞാൻ സന്തോഷവതിയാണ്. ഞാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുമ്പോള്‍ അറിഞ്ഞ കാര്യമുണ്ട്. അവരുടെ രാജ്യത്തെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും എത്രത്തോളം അഭിമാനമുള്ളവരാണ് അവരെന്ന്. നമ്മുടെ സംസ്‍കാരവും, ചരിത്രവും, നമ്മുടെ നേട്ടങ്ങളുമെല്ലാം  മഹത്തരമാണ്. നമ്മള്‍ അത് ആഘോഷിച്ചു തുടങ്ങേണ്ടതുണ്ട്. നമ്മുടെ സിനിമകള്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മിഷൻ മംഗളും അത്തരത്തിലുള്ള സിനിമയാണ്- വിദ്യാ ബാലൻ പറയുന്നു.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.  വിദ്യാ ബാലനു പുറമമേ തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞരായാണ് അവര്‍ വേഷമിടുന്നത്. വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുന്നതിന് അക്ഷയ് കുമാറിന്റെ കഥാപാത്രം എങ്ങനെയാണ് മറ്റ് പ്രതിഭാധനരായ ശാസ്‍ത്രജ്ഞരെ അതിലേക്ക് നയിക്കുന്നത് എന്നതുമാണ് ട്രെയിലറില്‍ സൂചിപ്പിക്കുന്നത്.  ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios