ഒടിടി പ്ലാറ്റ്‍ഫോമില്‍ താൻ നായികയാകുന്നതടക്കമുള്ള സിനിമകള്‍ റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വിദ്യാ ബാലന്റെ പ്രതികരണം.

കൊവിഡ് ചലച്ചിത്ര മേഖലയ്‍ക്ക് സൃഷ്‍ടിച്ച ആഘാതം മറ്റേത് മേഖലയെയും പോലെ തന്നെയാണ്. സിനിമ ചിത്രീകരണങ്ങള്‍ അവസാനിപ്പിക്കേണ്ടി വരികയും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാതിരിക്കേണ്ടിവരികയും ചെയ്‍തു. സിനിമയിലെ ദിവസ തൊഴിലാളികള്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട്. കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ചില സിനിമകള്‍ ഒടിടി പ്ലാറ്റ്‍ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിക്കുകയും വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്‍തിരുന്നു. ഇപ്പോഴുള്ള ധര്‍മ്മസങ്കടം അവസാനിച്ചാല്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് വിദ്യാ ബാലൻ പറയുന്നത്.

വിദ്യാ ബാലൻ അഭിനയിക്കുന്ന ശകുന്തളാ ദേവി എന്ന സിനിമ ഒടിടി പ്ലാറ്റ്‍ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ കഥയാണ് ചിത്രം പറയുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുമാണ് ശകുന്തളാ ദേവി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായത്. സിനിമ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‍ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്‍തു. ഇത് അനിവാര്യമായ ഒന്നാണ് എന്നാണ് വിദ്യാ ബാലൻ പറയുന്നത്.. റിലീസ് ചെയ്യാൻ ഏറെക്കാലമായി കാത്തിരുന്ന സിനിമകൾക്ക് ഒടിടി പ്ലാറ്റ്ഫോം വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ധർമ്മസങ്കടം അവസാനിച്ചുകഴിഞ്ഞാൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം കാണാൻ ആഗ്രഹിക്കുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു. 

മലയാളിയായ അനു മേനോനാണ് ശകുന്തള ദേവി സിനിമ സംവിധാനം ചെയ്യുന്നത്.

മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇംപീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി.


ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.