നയൻതാരയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ. 

നടി നയൻതാരയും (Nayanthara) സംവിധായകൻ വിഘ്‍നേശ് ശിവനും (Vignesh Shivan) പ്രണയത്തിലാണെന്നത് പരസ്യമാണ്. വിഘ്‍നേശ് ശിവൻ ഓരോ വിശേഷദിവസങ്ങളിലും നയൻതാരയ്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ പങ്കുവയ്‍ക്കാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ വാലന്റേയ്‍ൻസ് ഡേയിലും മനോഹരമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ.

എല്ലാവര്‍ക്കും വാലന്റേയ്‍ൻസ് ഡേ ആശംസകള്‍. ഇത് പ്രണയമാണ്. ജീവിതം. സ്‍നേഹിക്കാനും സ്‍നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണമെന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു.

View post on Instagram

'കാതുവാക്കുള രണ്ടു കാതല്‍' ചിത്രമാണ് വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ നയൻതാര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുക. നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്‍നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'പാവ കഥൈകളെ'ന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്‍നേശ് ശിവൻ ഏറ്റവും ഒടുവില്‍ സംവിധായകനായത്. 

വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു. ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. 'ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ്' എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി.