വിജയ് ആന്റണി നായകനായി ശശി സംവിധാനം ചെയ്ത 'നൂറുസ്വാമി' എന്ന ചിത്രത്തിൽ സ്വാസിക പ്രധാന വേഷത്തിലെത്തിയിരുന്നു. അമ്മ-മകൻ ബന്ധത്തിന്റെ വൈകാരികത പറയുന്ന ഈ തമിഴ് ചിത്രം ഒടിടിയില്‍ എത്തുന്നു.
സീരിയലിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാള സിനിമയിൽ തിളങ്ങിയ ആളാണ് സ്വാസിക. ഇന്ന് തമിഴ് സിനിമയിൽ അടക്കം അഭിനയിച്ച് ബിഗ് സ്ക്രീനിൽ തന്റേതായ സ്ഥാനം നേടി എടുത്ത സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ‘നൂറുസ്വാമി’. വിജയ് ആന്റണി നായകനായി എത്തിയ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു സ്വാസിക കാഴ്ചവച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 7ന് നൂറുസ്വാമി സ്ട്രീമിംഗ് ആരംഭിക്കും. സീ 5ന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്.
2016ലെ ഹിറ്റ് ചിത്രം ‘പിച്ചൈക്കാരനു’ ശേഷം വിജയ് ആന്റണിയും സംവിധായകൻ ശശിയും ഒന്നിച്ച ചിത്രമാണ് ‘നൂറു സ്വാമി’. തമിഴ് ഗ്രാമീണപശ്ചാത്തലത്തിലുള്ള ‘നൂറുസ്വാമി’യിലെ സെൽവി എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കാൻ സ്വാസികയ്ക്ക് സാധിച്ചു. സ്വാസികയെക്കൂടാതെ ലിജോ മോളും കരുണാസും അജയ് ദിഷനും ചിത്രത്തിലുണ്ട്. ചിത്രം ജൂൺ 19ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്.
അമ്മ–മകൻ ബന്ധത്തിന്റെ വൈകാരികത പറയുന്ന ചിത്രം കൂടിയാണ് നൂറുസ്വാമി. വിധവയായ അമ്മയായാണ് സ്വാസിക ചിത്രത്തിലെത്തിയത്. വിജയ് ആന്റണി പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിച്ചത്. എസ്.ബി.ദർശൻ കിർലോഷ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് ഹാരിഷ് യുവരാജും നിർവഹിച്ചിരിക്കുന്നു. നേരത്തെ ലബ്ബര്‍ പന്ത് എന്ന സ്വാസികയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 2024ൽ ആയിരുന്നു റിലീസ് ചെയ്തത്. ഈ വർഷം റിലീസ് ചെയ്ത സൂര്യ ചിത്രം കറുപ്പിൽ പ്രധാന വേഷത്തിൽ സ്വാസിക എത്തിയിരുന്നു. ആര്‍ജെ ബാലാജി അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തിന്‍റെ നെഗറ്റീവ് ഷെയ്ഡുള്ള അസിസ്റ്റന്‍റ് ആയിരുന്നു സ്വാസികയുടെ വേഷം.



