മോഹൻലാലിന്റെ മകൾ വിസ്മയ, ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ഓഗസ്റ്റ് 7-ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്.
മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത ഒരുപിടി താരപുത്രന്മാരും പുത്രികളും ഉണ്ട്. ദുൽഖർ, കല്യാണി പ്രിയദർശൻ, മാധവ് സുരേഷ്, ഗോകുൽ സുരേഷ്, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ എന്നിങ്ങനെ പോകുന്നു ആ നിര. അക്കൂട്ടത്തിലേക്കുള്ള പുതിയ എൻട്രിയാണ് വിസ്മയ മോഹൻലാൽ. അച്ഛന്റേയും ചേട്ടന്റേയും പാതപിന്തുടർന്ന വിസ്മയയും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ മലയാളികൾക്ക് കൗതുകം ഏറെ. വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം ഓഗസ്റ്റ് 7ന് തിയറ്ററുകളിൽ എത്തും. ഇതിന് മുന്നോടിയായുള്ള ട്രെയിലർ നാളെ റിലീസ് ചെയ്യും. തതസരത്തിൽ സിനിമയെ കുറിച്ചും മോഹൻലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും തുറന്നു പറയുകയാണ് വിസ്മയ. ഒപ്പം തനിക്ക് 32 വയസാണെന്നും അവർ തുറന്നു പറയുന്നുണ്ട്.
ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കാര്യമാണ് നടക്കാൻ പോകുന്നതെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും വിസ്മയ മോഹൻലാൽ പറയുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്റെ മലയാളത്തെ കുറിച്ചും എന്‍റെ ശരീരപ്രകൃതിയെ കുറിച്ചും ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും എന്നാൽ ഞാൻ എങ്ങനെ ആണോ അങ്ങനെ ചെയ്താൽ മതിയെന്നാണ് സംവിധായകൻ ജൂഡ് ആന്റണി പറഞ്ഞതെന്നും വിസ്മയ പറയുന്നു. അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ഒരുപാട് ടേക്കുകൾ പോകേണ്ടി വന്നെന്ന് പറഞ്ഞ വിസ്മയ, അദ്ദേഹത്തിന്റെ കരിയറിൽ ഒരു ഷോട്ട് അത്രയും തവണ ടേക്ക് പോയിട്ടുണ്ടാവില്ലെന്നും പറയുന്നു. രേഖ മേനോനുമായുള്ള അഭിമുഖത്തിലായിരുന്നു വിസ്മയയുടെ പ്രതികരണം.
'അച്ഛനൊപ്പം ഞാൻ ആദ്യമായി അഭിനയിക്കുകയാണ്. സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും വലിയ ടെന്‍ഷനിൽ. അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുയല്ലേന്ന് പറഞ്ഞവർ ഹൈപ്പ് കൂട്ടി. അതോടെ ഞാന്‍ നെര്‍വസ് ആകാൻ തുടങ്ങി. അച്ഛൻ വന്നപ്പോൾ സെറ്റിലെ അന്തരീക്ഷം തന്നെ മാറി. എല്ലാം ശാന്തം. അച്ഛനൊപ്പം ആദ്യം എടുത്ത ഷോട്ട് കുറേ ടേക്ക് പോയിരുന്നു. അച്ഛന്റെ ജീവിതത്തിൽ ഒരു ഷോട്ടിന് വേണ്ടി അത്രയും ടേക്ക് പോയിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. രണ്ടാമത്തെ ദിവസവും അതേപടി തന്നെ. ടെൻഷൻ ആയി. സീനിലെ ഒരു രംഗം എനിക്ക് ശരിയാകുന്നില്ല. അച്ഛന്‍ പറഞ്ഞത് ശാന്തയി, വേഗത കുറച്ച് ചെയ്യാനാണ്. ഞാന്‍ നെര്‍വസ് ആയപ്പോള്‍ വേഗത കൂടുകയും തെറ്റുകള്‍ വരുകയും ചെയ്തതാണ്. അപ്പോഴാണ് അച്ഛൻ സ്ലോ ഡൗണ്‍ ചെയ്യാന്‍ പറഞ്ഞത്', എന്ന് വിസ്മയ പറയുന്നു. മോഹൻലാലും സായ് കുമാറുമൊക്കെ അഭിനയിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നിയെന്നും വിസ്മയ കൂട്ടിച്ചേർത്തു.



